അങ്ങു മുംബൈയിലായിരുന്നു !!! ഇപ്പോള്‍ പടമൊന്നുമില്ലേ എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്കും, അന്വേഷിച്ചവര്‍ക്കും നീരജ് മാധാവിന്റെ ഉഗ്രന്‍ മറുപടി

തന്നെ അടുത്തിടയായി ബിഗ്‌സ്‌ക്രീനില്‍ കാണാത്തതെന്തേ എന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ നീരജ് മാധവ്. കഴിഞ്ഞ കുറച്ചു കാലമായി താന്‍ ഒരു ബ്രേക്ക് എടുത്തിരിക്കുന്നത് മുംബൈയില്‍ വെച്ച് ഷൂട്ട് ചെയ്യുന്ന ഒരു ആമസോണ്‍ പ്രൈമിന് വേണ്ടി ചെയ്യുന്ന വെബ്‌സീരിസിന് വേണ്ടിയാണെന്നും നീരജ് വ്യക്തമാക്കുന്നു. മനോജ് ബാജ്പായ്, പ്രിയമണി എന്നിവര്‍ അണിനിരിക്കുന്നതാണ് പുതിയ വെബ്‌സീരിസിന്റെ താരനിര.

ഗോ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജ് ആന്റ് ഡി.കെയാണ് സീരിസിന്റെ സംവിധാനം. എന്നാല്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും മലയാള സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലും നീരജ് ഒരു വേഷം ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലർ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയിൽ ഒരു ആമസോൺ ഒറിജിനൽ വെബ് സീരിസിൽ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകൾ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാൻ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകർ ആണ് The Family Man എന്ന സീരിസിന്റെ creators and Directors.

മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസിൽ ഒരു പ്രൈമറി കാരക്ടർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്.

‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂർണമായി. വൈകാതെ ഇറങ്ങും. അതിനു മുൻപ് സെപ്റ്റംബർ അവസാനവാരം ആമസോൺ പ്രൈം വിഡിയോവിൽ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരൽത്തുമ്പിൽ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ…