ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടന് ആദരം ; National Film Archive of Indiaയുടെ മുഖമായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു !

1964 ഫെബ്രുവരിയിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റായി സ്ഥാപിതമായതാണ് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സിൽ മെമ്പർഷിപ്പുള്ള സംഘടനയാണിത്. ഇന്ത്യൻ സിനിമയുടെ പൈതൃകം കണ്ടെത്തി സംരക്ഷിക്കുക, സിനിമകളെ തരംതിരിച്ച് ഗവേഷണം നടത്തി ഡാറ്റ രേഖപ്പെടുത്തി സൂക്ഷിക്കുക, ഇന്ത്യൻ ചലച്ചിത്ര സംസ്കാരത്തിന്റെ പ്രചാരണത്തിനുള്ള കേന്ദ്രമായി പ്രവർത്തികക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങളിൽ അധിഷ്ടിതമാണ് ഈ സംഘടന. ഇപ്പോൾ ഇതാ ഈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഫേസ് ഓഫ് ദി വീക്ക്‌ ആയി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തിരിക്കുന്നു. ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പി. പദ്മരാജൻ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഫെയ്സ് ഓഫ് ദി വീക്ക് ആയി നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യ മമ്മൂട്ടിയെ തിരഞ്ഞെടുത്തതായി ഏവരെയും അറിയിക്കുന്നത്. അതോടൊപ്പം ഈ സംഘടനയുടെ ഔദ്യോഗിക പേജിന്റെ കവർ ചിത്രവും മമ്മൂട്ടിയുടേതാക്കി അവർ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

തികളാഴ്ച്ച നല്ല ദിവസം എന്ന ഈ സിനിമയിൽ തങ്ങളുടെ പൂർവ്വികമായിട്ടുള്ള വീട് വിറ്റ്, സ്വന്തം അമ്മയെ (കവിയൂർ പൊന്നമ്മ) ഒരു വൃദ്ധസദനത്തിൽ (old age home) പാർപ്പിക്കാൻ ആഗ്രഹിക്കുന്ന രണ്ട് ആണ്മക്കളുടെ കഥയാണ് പറയുന്നത്. ആ രണ്ട് ആൺമക്കൾ ആയി എത്തിയത് മമ്മൂട്ടിയും കരമന ജനാർദ്ദനൻ നായരുമാണ്. പുതിയ കാലത്ത് വർദ്ധിച്ചു വരുന്ന ആളുകളുടെ ഭൗതിക സ്വഭാവ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഫാമിലി ഡ്രാമയാണ്‌ ഈ ചിത്രം എന്ന് നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യ കുറിക്കുന്നു. പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസത്തിൽ മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം നേടിയിരുന്നു.