“നിങ്ങൾ ഒരു അഭിമാനമാണ് ” ; അന്താരാഷ്ട്ര പുരസ്‌കാര നേട്ടത്തിൽ ഇന്ദ്രൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ !

മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ ഇന്ദ്രൻസിന് അഭിനന്ദനങ്ങളുമായി നടൻ മോഹൻലാൽ. ഇന്ദ്രൻസുമൊത്തുള്ള സൗഹാർദ്ദം നിറഞ്ഞ ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് മോഹൻലാൽ ഇത്തരമൊരു മഹനീയ പുരസ്കാരം നേടിയതിൽ ഇന്ദ്രൻസിനെ അഭിനന്ദിച്ചത്. മോഹൻലാലിന്റെ ഈ അഭിനന്ദനം ആരാധകർ അടക്കം ഏവരും പ്രശംസകളോടെ ഏറ്റെടുത്തിരിക്കുകയാണ്. അർഹതയ്ക്കുള്ള അംഗീകാരമാണ് ഇന്ദ്രൻസ് എന്ന നടന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഡോ. ബിജുവിന്റെ ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്. ചൈനയിലെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരമടക്കം നേടി മലയാളസിനിമയുടെ യശസ്സുയർത്തിയ ചിത്രമാണ് ഡോ. ബിജുവിന്റെ ‘വെയിൽ മരങ്ങൾ’. അതിനു ശേഷമാണ് ഇപ്പോൾ ഈ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ദ്രൻസ് എന്ന നടന് അന്താരാഷ്ട്ര തലത്തിൽ ഒരു പുരസ്കാരം ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ‘വെയിൽ മരങ്ങൾ’ എന്ന ചിത്രം പറഞ്ഞത്.ഏതാണ്ട് ഒന്നര വര്‍ഷത്തോളമെടുത്താണ് വെയിൽ മരങ്ങൾ പ്രകൃതിയോടിണങ്ങി ചിത്രീകരണം പൂർത്തിയാക്കിയത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷ ഈ കാലയളവിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ് നിർവ്വഹിച്ചത്.

ഈ ചിത്രത്തിൽ ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍ എന്നിവർ നിർവഹിക്കുന്നു.