“പദ്മരാജന്റെ തൂവാനത്തുമ്പികളുമായി ഇട്ടിമാണിക്ക് സാമ്യമുണ്ട്” : മോഹൻലാൽ പറയുന്നു !

ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഈ ഓണക്കാലം ആഘോഷമാക്കാൻ റിലീസിനൊരുങ്ങുകയാണ്. തങ്ങൾക്ക് വേണ്ടി നടനവിസ്മയം ലാലേട്ടൻ ഇട്ടിമാണിയിൽ എന്താണ് കരുതി വച്ചിട്ടുള്ളത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇതുവരെ പുറത്തുവന്ന ട്രെയിലറും പാട്ടും കണ്ടാൽ അറിയാം ഇട്ടിമാണി ചിരിയുടെ വെടിക്കെട്ട് തീർക്കാൻ പോകുന്ന മോഹൻലാൽ ചിത്രം ആയിരിക്കും എന്ന്. നവാഗതരായ ജിബിയും ജോജുവും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സെപ്റ്റംബർ ആറിനാണ് തീയേറ്ററുകളിലെത്തുന്നത്. രാധിക ശരത് കുമാറും ഹണിറോസുമാണ് ചിത്രത്തിലെ നായികമാർ. മുപ്പത്തിരണ്ടുവർഷത്തിനു ശേഷം മോഹൻലാൽ തൃശൂർകാരനായി തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രമെന്ന നിലയിൽ ഇട്ടിമാണി സവിശേഷത പുലർത്തുന്നുണ്ട്. പി. പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ചില സാദൃശ്യങ്ങൾ ഇട്ടിമാണി കാണുമ്പോൾ പ്രേക്ഷകർക്ക് കാണാമെന്നു പറയുകയാണ് നായകൻ മോഹൻലാൽ. ഡിജിറ്റൽ മീഡിയ ഹബ്ബ് മീറ്റിലാണ് മോഹൻലാൽ ഇട്ടിമാണിയെക്കുറിച്ചുള്ള കൂടുതൽ വിശഷേങ്ങൾ പങ്കുവെച്ചത്.

ഇട്ടിമാണി​യാര്??

മണിക്കുന്നേൽ മാത്തന്റെ മകനാണ് ഇട്ടിമാണി. ചൈനയിലാണ് ജനിച്ചത്. അച്ഛനും അമ്മയും മുത്തച്ഛനും ചൈനയിലായിരുന്നു. ഇട്ടിമാണിക്ക് പത്തു വയസ്സാകുമ്പോൾ കുടുംബം ഒന്നാകെ ചൈനയിൽ നിന്ന് തിരിച്ച് സ്വദേശമായ തൃശൂർ കുന്നംകുളത്തേക്കെത്തുകയാണ്. അച്ഛന്റെ മരണശേഷം ഇട്ടിമാണിയാണ് കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇട്ടിമാണിയും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമാണുളളത്. സിനിമയിൽ ഇരുവരും തമ്മിലുള്ള ഒരുപാട് നല്ല വൈകാരിക മുഹൂർത്തങ്ങളുണ്ട്. മാതൃത്വത്തെ വളരെയധികം ഉയർത്തിക്കാട്ടുന്ന സിനിമയാണിത്. തമാശരൂപേണയാണ് ഗൗരവമുള്ള കാര്യങ്ങൾ തുറന്നു കാട്ടുന്നത്.

ചൈനയിലെ ഷൂട്ട്..

ചൈനയിൽ മൂന്നു നാലു പ്രാവശ്യം പോയിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമ അവിടെ വച്ച് ഷൂട്ട് ചെയ്യുന്നതെന്ന് തോന്നുന്നു. ഇട്ടിമാണിയുടെ ജനനം അവിടെയാകണമെന്ന് നിശ്ചയിച്ച് അവിടെയാണ് ചിത്രീകരിച്ചത്. അതു തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയ്ക്ക് അനിവാര്യമെന്നു തോന്നിയപ്പോൾ അങ്ങനെ തീരുമാനിക്കുകയായിരുന്നു.

തൂവാനത്തുമ്പികൾക്ക് ശേഷം തൃശൂർക്കാരനാകുന്നു..

തൂവാനത്തുമ്പികളിൽ തൃശൂർ ഭാഷ വളരെ അപൂർവമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണൻ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല. അവർക്ക് അവരുടേതായ ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്. അതെല്ലാം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളം തൃശൂർ ഭാഷ സംസാരിക്കുമ്പോൾ പ്രേക്ഷകന് ഒരുപക്ഷേ താത്പര്യക്കുറുവുണ്ടാകാം. വൈകാരികമുഹൂർത്തങ്ങളിൽ അതൊഴിവാക്കിയിട്ടുണ്ട്. ജയകൃഷ്ണനും ഇട്ടിമാണിയും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നാൽ തൂവാനത്തുമ്പികളിൽ കണ്ട ചില രംഗങ്ങൾ നിങ്ങൾക്ക് ഈ സിനിമയിലും കാണാൻ കഴിഞ്ഞേക്കാം. അതു ബോധപൂർവം തന്നെ ചെയ്തതാണ്. ചില ഡയലോഗുകൾ, രൂപസാദൃശ്യം.. സിനിമ കാണുമ്പോൾ കൂടുതൽ മനസ്സിലാവും.

സിനിമയിൽ പാടിയിട്ടുണ്ട്??

ദീപക് ദേവിന്റെ സംഗീതത്തിൽ വൈക്കം വിജയലക്ഷ്മിയ്ക്കൊപ്പം ഞാനുമൊരു ഗാനം പാടിയിട്ടുണ്ട്. സിനിമയിൽ അതു കുറച്ചേ കാണിക്കുന്നുള്ളൂ. മുഴുനീളഗാനമായി പിന്നീട് പുറത്തു വരും

ഇട്ടിമാണിയിലേക്ക് ആകർഷിച്ചത്??

ലൂസിഫർ ചെയ്യുന്നതിനു മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയാണ് ഇട്ടിമാണി. സിനിമയെക്കുറിച്ച് വളരെ ധാരണയുള്ള സ്വപ്നങ്ങളുള്ള, മിടുക്കരായ രണ്ടു ചെറുപ്പക്കാരാണവർ. ജിബിയും ജോജുവും. അവർ കഥ വന്നു പറഞ്ഞപ്പോൾ അതിലൊരു സ്പാർക്ക് ഉണ്ടെന്നു തോന്നി. കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. മുപ്പതു പ്രാവശ്യത്തിൽ കൂടുതൽ മാറ്റിയെഴുതി. പിന്നീട് നന്നായി കൺസീവ് ചെയ്തിട്ടുണ്ട്. ഫീൽഗുഡ് സിനിമയാണെന്ന് തോന്നി. തമാശരൂപേണ മുൻപോട്ടു പോകുന്ന ചിത്രത്തിൽ അങ്ങിങ്ങായി ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്.