“2019 – 20ൽ ഏഷ്യയിലെ ഏറ്റവും തിരക്കുള്ള നായക നടനായി മെഗാസ്റ്റാർ മമ്മൂട്ടി” : ഇതുവരെ വരി വരിയായി ചാർട്ട് ചെയ്തിരിക്കുന്നത് 11 സിനിമകൾ ! #BusiestHeroOfAsia

2019 വർഷം മമ്മൂട്ടിക്ക് കൈനിറയെ ചിത്രങ്ങളും ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം ഹിറ്റുകളുമാണ്. തമിഴിൽ (പേരന്പ്) തെലുങ്കിൽ (യാത്ര) എന്നിങ്ങനെ ഹിറ്റ്, സൂപ്പർ ഹിറ്റ് വീതം നേട്ടം കൊയ്ത് വന്ന മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങിയ മൂന്ന് മലയാള ചിത്രങ്ങൾ മധുരരാജ, ഉണ്ട, പതിനെട്ടാം പടി എന്നിവ ബ്ലോക്ബസ്റ്റർ, സൂപ്പർ ഹിറ്റ്, ഹിറ്റ് സ്റ്റാറ്റസുകൾ നേടി വിജയ ചിത്രങ്ങളാകുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇതുവരെ മമ്മൂട്ടിയുടെ വർഷം ആയി കണക്കാക്കുന്ന 2019ൽ പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവയ്ക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി വരാൻ പോകുന്നതും ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ്. മമ്മൂട്ടിയുടേതായി 2019 – 2020 വർഷങ്ങളിൽ പുറത്തുവരാൻ പോകുന്ന ചിത്രങ്ങൾ ആർക്കും ആവേശം നൽകുന്ന താരത്തിലുള്ളവയാണ്. ഇതിൽ പുതുമുഖ സംവിധായകർ മുതൽ പരിചയസമ്പന്നരായവർ വരെ മമ്മൂട്ടിയോടൊപ്പം സിനിമകൾ ചെയ്യുന്നതിനായി ഒന്നിക്കാൻ പോവുകയാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രോജക്ടുകൾ നായകനായി കരാർ ചെയ്തിരിക്കുന്ന നടൻ മമ്മൂട്ടിയാണ്. വലിയ ഇടവേളകളില്ലാതെ തുടരെ തുടരെ മമ്മൂട്ടി ചിത്രങ്ങൾ ഈ വർഷവും അടുത്ത വർഷവും റിലീസിനെത്തും. ആരാദകർ കാത്തിരിക്കുന്ന എല്ലാത്തരം സിനിമകളും ഇവയിൽപ്പെടുന്നു.

മമ്മൂട്ടിയുടെ വരാനിരിക്കുന്ന 11 ചിത്രങ്ങൾ ഇതാ..

1. മാമാങ്കം 

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചാവേറുകളുടെ വീര പോരാട്ടം പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ ഒരു ചരിത്രവേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.  വേണു കുന്നപ്പിള്ളി ആണ് നിർമ്മാതാവ്. 2019 അവസാനം ഈ ചിത്രം വിവിധ ഭാഷകളിൽ റിലീസ് ചെയ്യും.

2. ഗാനഗന്ധർവ്വൻ 

രമേഷ് പിഷാരടി സംവിധായകൻ ആവുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവ്വൻ. ഈ ചിത്രത്തിൽ ഗാനമേളക്കാരൻ കാലസദൻ ഉല്ലാസായാണ് മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത്. മനോജ്‌ കെ ജയൻ, സുരേഷ് കൃഷ്ണ എന്നിവർ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. 2019 സെപ്റ്റംബറിൽ ഈ ചിത്രം റിലീസ് ചെയ്യും.

3. ഷൈലോക്ക് 

രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന് നവാഗതരായ ബിബിൻ മോഹൻ – അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. തമിഴ് താരങ്ങളായ രാജ് കിരൺ, മീന എന്നിവർ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. ഗാനഗന്ധർവ്വൻ ഷൂട്ടിംഗ് തീർന്നാൽ ഉടൻ അജയ് വാസുദേവ് ചിത്രം ഡിസംബർ റിലീസ് ആയി എത്തും.

4. അമീർ 

ഹനീഫ് അദേനിയുടെ തിരക്കഥയിൽ നവാഗതനായ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അമീർ. കൺഫെഷൻ ഓഫ് എ ഡോൺ എന്നാണ് ഈ ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ ടാഗ് ലൈൻ. 2019 അവസാനം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌. 

5. സി.ബി.ഐ. അഞ്ചാം ഭാഗം

തുടർച്ചയായ വിജയങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച മമ്മൂട്ടിയുടെ സി.ബി.ഐ. സീരിസിലെ അഞ്ചാം ഭാഗം എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനത്തിൽ എത്തുന്നു. ഈ ചിത്രം അടുത്ത ഓണത്തിന് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിധം ഷൂട്ടിംഗ് തുടങ്ങാൻ ഇപ്പോൾ ആലോചനകൾ നടക്കുകയാണ്.

6. വൺ 

ബോബി – സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ‘വൺ’. ചിത്രത്തിന്റെ താൽക്കാലിക പേര് മാത്രമാണിതെന്നാണ് റിപോർട്ടുകൾ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത്. ഈ സിനിമയിലൂടെ മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഒരേപോലെ ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് തങ്ങൾ ഒരുക്കുന്നത് എന്നും തിരക്കഥാകൃത്തുക്കൾ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ഇതൊരു പൊളിറ്റിക്കൽ ത്രില്ലെർ ആണ്. 2019 ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും.

7. ബിലാൽ 

മലയാളത്തിൽ ട്രെൻഡ് സെറ്റർ ആയ ബിഗ് ബിയുടെ രണ്ടാം വരവ്. അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് കൂടിയാണ് ബിലാൽ. ബിലാൽ ജോൺ കുരിശിങ്കൽ എന്ന മാസ്സ് കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ തിരക്കഥക്കായി കൂടുതൽ റിസേർച്ചുകൾ നടക്കുകയാണ്. 2020ൽ ആയിരിക്കും ബിലാൽ തുടങ്ങുക.

8. ഗ്യാങ്സ്റ്റർ 2

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമാണ് ഗ്യാങ്സ്റ്റർ 2. ഏറെ പ്രതീക്ഷകളോടെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങി പരാജയപ്പെട്ട ആഷിക് അബു ചിത്രമായിരുന്നു ഗ്യാങ്സ്റ്റർ. എന്നാൽ ആ പരാജയത്തിന്റെ ക്ഷീണം തീർക്കുന്നതിനുവേണ്ടിയാണ് ഗ്യാങ്സ്റ്റർ രണ്ടാം ഭാഗം ചെയ്യാൻ ആഷിക് അബു ഒരുങ്ങുന്നത്. ഔദ്യോഗികമായി ഗ്യാങ്സ്റ്റർ രണ്ടാം ഭാഗം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2020ൽ ആയിരിക്കും ചിത്രം ഷൂട്ടിംഗ് ആരംഭിക്കുക.

9. അയാം എ ഡിസ്കോ ഡാൻസർ 

സൂപ്പർഹിറ്റ് സംവിധായകൻ നാദിർഷ അണിയിച്ചൊരുക്കുന്ന നാലാമത്തെ ചിത്രമാണ് അയാം എ ഡിസ്കോ ഡാൻസർ. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ്. 2020ൽ ആയിരിക്കും റിലീസ്.

10. കോട്ടയം കുഞ്ഞച്ചൻ 2

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ രണ്ടാം ഭാഗം കൊണ്ടുവരുന്നത് പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്. ഫ്രൈഡേ ഫിലിമ്സിന്റെ ബാനറിൽ വിജയ് ബാബു ഈ ചിത്രം നിർമ്മിക്കുന്നു. 2020ലെ പ്രൊജക്റ്റാണിത്. 

11. കുഞ്ഞാലി മരക്കാർ 

മമ്മൂട്ടിയുടെ ഏറെ ഉറ്റുനോക്കുന്ന ചരിത്ര വേഷമാണ് കുഞ്ഞാലി മരക്കാരിന്റേത്. ഇടക്കാലത്തു വച്ച് മുടങ്ങി പോയ ഈ ചിത്രം വീണ്ടും ആരംഭിക്കാനുള്ള പ്രാരംഭഘട്ട പ്രവർത്തങ്ങൾ നടക്കുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ്സും ആഗസ്റ്റ് സിനിമാസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. 2020ൽ ചിത്രം ആരംഭിക്കാനാണ് തീരുമാനം.