“ഇന്ത്യൻ സിനിമയിലെ മാർലൻ ബ്രാൻഡോയാണ് മോഹൻലാൽ. ഇവർ രണ്ടുപേരും ക്രീയേറ്റീവ് നടന്മാർ” ; പ്രമുഖ അനലിസ്റ്റിന്റെ പഠനം ! #വൈറൽ

മലയാള സിനിമയിൽ നിന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനത്തോടെ ലോകസിനിമയ്ക്ക് മുമ്പിൽ അവതരിപ്പിക്കാവുന്ന നടനവിസ്മയമാണ് ശ്രീ മോഹൻലാൽ അദ്ദേഹത്തിന്റെ 40 വർഷത്തെ സിനിമ ജീവിതം ഇന്ത്യൻ സിനിമയ്ക്ക് നൽകിയത് മഹത്തരങ്ങളായ സംഭാവനകളാണ്. എത്രയോ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസ്സിപ്പിച്ച മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് നൂറ്റാണ്ടിലെ ഇതിഹാസമാണ്. അദ്ദേഹത്തിന്റെ അഭിനയ ചാതുരിയെ കുറിച്ച് വർണ്ണിക്കാത്ത സംവിധായകരും നടീനടന്മാരും വിരളമാണ്. ഏവരും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു നടന പൂർണ്ണതയാണ് മോഹൻലാൽ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സിനിമ നിരൂപണങ്ങളും മറ്റും നടത്തുന്ന മല്ലു അനലിസ്റ്റ് മോഹൻലാൽ എന്ന നടനെ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മാർലൻ ബ്രാണ്ടോയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ്. വിശദമായിത്തന്നെ ഈ താരതമ്യപഠനം മല്ലു അനലിസ്റ്റ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

മല്ലു അനലിസ്റ്റിന്റെ നിരീക്ഷണം..

മോഹൻലാൽ & മർലൻ ബ്രാൻഡോ

‘ഒരു നടൻ കൂടിയത് ഒരു കവിയും കുറഞ്ഞത് ഒരു എന്റർടെയ്‌നർ എങ്കിലും ആയിരിക്കണം’ – ഇത് പറഞ്ഞത് സാക്ഷാൽ മെർലൻ ബ്രാൻഡോ ആണ്. മെത്തേഡ് ആക്ടിങ് മെയിൻസ്ട്രീമിലേക്ക് കൊണ്ടുവന്ന അഭിനേതാക്കളിൽ പ്രമുഖൻ എന്നതിനേക്കാൾ നമ്മൾ ഒരുപക്ഷേ ഇദ്ദേഹത്തെ ഓർക്കുന്നത് ഗോഡ് ഫാദറിലെ ഡോൺ വിറ്റോ കോർലിയോനെയെ അനശ്വരനാക്കിയ നടൻ എന്ന രീതിയിൽ ആയിരിക്കും. മോഹൻലാൽ എന്ന നടനെ മർലൻ ബ്രാൻഡോയുമായി ഉപമിക്കുന്നത് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. ഒരു മെത്തേഡ് ആക്റ്റർ എന്ന നിലയിൽ ലോകപ്രശസ്തി നേടിയ മെർലൻ ബ്രാൻഡോയെ എന്തുകൊണ്ടാണ് നാച്ചുറൽ ആക്ടർ ആയ മോഹൻലാലുമായി താരതമ്യം ചെയ്യുന്നത്? ഇവർ തമ്മിൽ എങ്ങനെയാണ് സാമ്യപ്പെട്ടിരിക്കുന്നത്. അതിനെ കുറിച്ചാണ് ഈ പോസ്റ്റ്.

മെത്തേഡ് ആക്ടിങ്, നാച്ചുറൽ ആക്ടിങ് എന്നിവയെ താരതമ്യം ചെയ്യുന്നത് ചെയ്യുന്നതിനുമുമ്പ് നമുക്ക് മെത്തേഡ് ആക്ടിങിന് മുമ്പ് നിലനിന്നിരുന്ന അഭിനയ സമ്പ്രദായം എന്തായിരുന്നു എന്ന് നോക്കാം. അതിന് ക്ലാസിക്കൽ ആക്ടിംഗ് എന്നാണ് പറയുക, അല്ലെങ്കിൽ ഷേക്സ്പീരിയൻ ആക്ടിംഗ്. അതായത് അന്നത്തെ ഡ്രാമകളിൽ ഉപയോഗിച്ചിരുന്ന വളരെ റെസ്ട്രിക്ടഡ് ആയ ഇംപ്രൊവൈസേഷന് സാധ്യത ഇല്ലാത്ത കൺട്രോൾ ആയിട്ടുള്ള അഭിനയമാണ് ക്ലാസിക്കൽ ആക്ടിങ്. ഇമോഷനെക്കാൾ ആക്ഷനും ശബ്ദ വ്യതിയാനത്തിനും ആണ് അവിടെ പ്രാധാന്യം.

എന്നാൽ മെത്തേഡ് ആക്ടിങിൽ ഇമോഷൻസ്നാണു പ്രാധാന്യം. കൂടാതെ അത് റെസ്ട്രിക്ടഡ് അല്ല. ഇംപ്രൊവൈസേഷന് സാധ്യതയുമുണ്ട്. കുറച്ചുകൂടി എളുപ്പത്തിൽ പറയുകയാണെങ്കിൽ നടന് കൊടുത്തിരിക്കുന്ന ഭാഗം അത് അതേപടി പകർത്തുന്നതാണ് ക്ലാസിക്കൽ ആക്ടിംഗ്. അവിടെ നടൻ തൻറെ വരികൾ ഓർത്തു വച്ച് അതേപോലെ പറയേണ്ടതുണ്ട്. എന്നാൽ മെത്തേഡ് ആക്ടിങിൽ ഒരു ഇമോഷൻ എങ്ങനെ പ്രേക്ഷകരിൽ എത്തിക്കണമെന്ന് നടന് തീരുമാനിക്കാം, വേണമെങ്കിൽ ചില ചെറിയ മാറ്റങ്ങൾ വരികളിൽ വരുത്താം. ഹോളിവുഡിൽ അതുവരെ നിലനിന്നിരുന്ന അഭിനയ ശൈലിയിൽ വലിയ വ്യത്യാസം വരുത്തിയ പ്രമുഖൻമാരിൽ ഒരാളാണു മർലൻ ബ്രാൻഡോ. മേൽപ്പറഞ്ഞ രീതിയിൽ ചിന്തിക്കുകയാണെങ്കിൽ മോഹൻലാൽ എന്ന നടൻ രണ്ടാമത്തെ കാറ്റഗറി അതായത് മെത്തേഡ് ആക്ടിങ് കാറ്റഗറിയിലാണ് വരിക .അതുവരെ ഉണ്ടായിരുന്ന അഭിനയ ശൈലിയെ പാടെ മാറ്റി ഇമോഷന് പ്രാധാന്യം കൊടുത്ത നടനാണ് മോഹൻലാൽ. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ നാച്ചുറൽ ആക്ടർ എന്നുവിളിക്കുന്നു? അത് നമുക്ക് വഴിയേ നോക്കാം. അതിനുമുമ്പ് ഇവർ തമ്മിലുള്ള ചില സാമ്യതകൾ നമുക്കൊന്ന് പരിശോധിച്ചാലോ.

വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്യുന്ന ഒരുപാട് നടന്മാരുണ്ട്. അതേസമയം കഥാപാത്രങ്ങളുടെ റേഞ്ച് കുറവാണെങ്കിലും ചില കഥാപാത്രങ്ങളെ ഏറ്റവും ആഴത്തിൽ അവതരിപ്പിക്കാൻ കഴിവുള്ള നടന്മാരുമുണ്ട്. മർലൻ ബ്രാൻഡോയെ സമകാലീനരായ മറ്റു മഹാനടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിൻറെ വൈവിധ്യമായ കഥാപാത്രങ്ങളെ ചെയ്യാനുള്ള കഴിവും അതോടൊപ്പം ഒരു കഥാപാത്രത്തിൻറെ ഏറ്റവും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കഴിവുമാണ്. മാർക് ആൻറണി മുതൽ സ്റ്റാൻലി കൊവാൽസ്‌കി തൊട്ട് വിറ്റോ കോർലിയോണെ വരെ വളരെയധികം വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത നടനാണ് അദ്ദേഹം. versatile എന്നു വിശേഷിപ്പിക്കാവുന്ന പല നടന്മാരും കഥാപാത്രങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അതേപോലെ ആഴത്തിൽ പോകാൻ കഴിവുള്ള പല നടന്മാർക്കും അത്ര versatile ആകാൻ കഴിയാതെ പോകുമ്പോൾ ഇതു രണ്ടും ഒരേപോലെ കഴിയുന്നു എന്നതാണ് മർലൻ ബ്രാൻഡോയുടെ കഴിവ്.

ഈ രണ്ട് കഴിവും ഒരുമിച്ച് പോകുന്ന നടന്മാരിൽ മലയാളത്തിൽ നിങ്ങൾക്ക് ആരെയാണ് ഓർമ്മവരുന്നത് ? തീർച്ചയായും അത് മോഹൻലാലാണ്. വളരെ വൈഡ് റേഞ്ചിൽ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവുള്ളപ്പോഴും ഓരോ കഥാപാത്രത്തെയും ഏറ്റവും ആഴത്തിൽ അവതരിപ്പിക്കാനും മോഹൻലാൽ എന്ന നടൻ കഴിവുണ്ട്. ഉദാഹരണങ്ങൾ അനവധിയാണ്. നാടോടിക്കാറ്റിലെയും ദേവാസുരത്തിലെയും വില്ലനിലെയും ദൃശ്യത്തിലേയും തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ വൈവിധ്യത കാണിക്കുമ്പോൾ സദയവും ദശരഥവും ഭരതവും വാനപ്രസ്ഥവും തന്മാത്രയും കഥാപാത്രത്തെ ഏറ്റവും ആഴത്തിൽ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കാനുള്ള കഴിവിനെയാണ് കാണിക്കുന്നത്. ആഴവും വീതിയും ഏറിയ കഥാപാത്രങ്ങളെ ഒരേ പോലെ അവതരിപ്പിക്കാൻ കഴിവുള്ള രണ്ടു നടന്മാരാണ് മോഹൻലാലും മർലൻ ബ്രാൻഡോയും.

ഇമോഷൻസ് ഏറ്റവും ഫലപ്രദമായി ഏറ്റവും അനായാസമായി ചെയ്യാൻ കഴിവുള്ള രണ്ട് നടന്മാരാണ് ഇവർ. സൂക്ഷിച്ചുനോക്കിയാൽ ഇമോഷൻസ് ഡിസ്പ്ലേ ചെയ്യുമ്പോൾ രണ്ടുപേരും ഒരു ഫ്രീഡം എടുക്കുന്നതായി അല്ലെങ്കിൽ സ്വയം ലിബറേറ്റ് ചെയ്യുന്നതായി മനസ്സിലാകും. അത് ഒരിക്കലും നിയന്ത്രണവിധേയമല്ല. ഒരിക്കൽ മർലൻ ബ്രാൻഡോ പറഞ്ഞിട്ടുണ്ട് ഒരു ഇമോഷൻ പ്രേക്ഷകരിലെത്തിക്കാൻ, ഏറ്റവും ഫലപ്രദമായി ചെയ്യാൻ എന്ത് ആക്ഷൻ ആണ് കൊണ്ടു വരേണ്ടത് എന്ന് ഒരു നടന് അറിയാൻ കഴിയണം എന്ന്. വില്ലനിൽ ഭാര്യ നഷ്ടപ്പെടുമ്പോൾ ഉണ്ടാവേണ്ട വിഷമം പലരീതിയിലും കാണിക്കാമായിരുന്നു. തല ഒരു വശത്തേക്ക് കുറച്ചു ചരിച്ച് കണ്ണിലൂടെ വെള്ളം വരുമ്പോഴും തന്നോടുതന്നെ പുഛിച് ഒരു ചെറിയ ചിരിയുടെ അംശം ചുണ്ടിൽ വരുന്ന രീതിയിൽ മോഹൻലാൽ കാണിക്കുന്ന ആ എക്സ്പ്രഷൻ നമ്മൾ പോലും അറിയാതെ പല വിഷമ ഘട്ടങ്ങളിലും കരയാൻ പോലുമാവാത്ത അവസ്ഥയിൽ നമ്മൾ ചെയ്തിട്ടുള്ളതാണ്. നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന നമ്മുടെ മനസ്സും വിങ്ങിതുടങ്ങുന്ന തരത്തിലുള്ള എന്നാൽ യൂണിക്കായ ആ എക്സ്പ്രഷൻ മർലൻ ബ്രാൻഡോ മേൽപ്പറഞ്ഞ കാര്യം സാധൂകരിക്കുന്നതാണ്. അനായാസതയും ക്രാഫ്റ്റും മുന്നിട്ടു നിൽക്കുന്ന ഇത്തരം നിമിഷങ്ങൾ മർലൻ ബ്രാൻഡോയുടെ സിനിമകളിൽ നമുക്ക് കാണാൻ കഴിയും. കഥാപാത്രത്തിന് അനുസരിച്ച് കൃത്രിമമല്ലാത്ത ക്ഷീണം കണ്ണുകളിൽ പോലും അതു മേക്കപ്പില്ലാതെ പോലും കൊടുക്കാൻ കഴിവുള്ള നടന്മാരാണ് രണ്ടുപേരും.

ഒരു നടന് സിനിമയിൽ എത്രത്തോളം ക്രിയേറ്റീവ് ആകാൻ കഴിയും എന്ന് തെളിയിച്ച നടന്മാരാണ് ഇവർ രണ്ടുപേരും. ക്രിയേറ്റിവിറ്റി എന്നത് ഒരു സീനിൽ ഒരു ആക്ഷനെ എങ്ങനെ വ്യത്യസ്തമാക്കാൻ കഴിയുന്നു എന്നതാണ്. മുഖത്തിന്റെയും കൈകാലുകളുടെയും ശരീരത്തിൻറെയും തന്നെയും വളരെ subtle ആയ ചലനങ്ങളും സംഭാഷണങ്ങൾക്കിടയിൽ വരുന്ന സ്വാഭാവികമായ പോസും ആ പോസിൽ അവർ എങ്ങനെ പെരുമാറുന്നു എന്നതുമാണു് ഒരു നടൻറെ റേൻജ് കാട്ടിത്തരുന്ന മാനദണ്ഡങ്ങൾ. മർലൻ ബ്രാൻഡോ തൻറെ സീനുകളും സംഭാഷണങ്ങളും സ്വാഭാവികം ആക്കുന്നതിനു വേണ്ടി സീനിന് തൊട്ടുമുമ്പുവരെ ലൈറ്റ് ബോയ്സുമായി സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആ സ്വാഭാവികതയും ആക്ഷൻ പറയുമ്പോൾ കഥാപാത്രമായി മാറാനുള്ള കഴിവും മോഹൻലാലിനും ഉണ്ടല്ലോ. ഒരു സീനിൽ തന്റെ കഥാപാത്രത്തെ എവിടെയൊക്കെ കെട്ടുപാടില്ലാതെ മേയാൻ വിടണമെന്നും എവിടെ പിടിച്ചു നിർത്തണമെന്നും മനസ്സിലാക്കാനുള്ള കഴിവും കൈയടക്കവും വേണ്ടുവോളമുള്ള ആ ക്രിയേറ്റിവിറ്റിയെ നമുക്കുമുന്നിൽ മനോഹരമായി അവതരിപ്പിച്ച നടന്മാരാണ് ഇവർ.

അന്നത്തെ സൗന്ദര്യ സങ്കൽപം അനുസരിച്ച് നോക്കുമ്പോൾ വലിയ പൊക്കമോ chiselled ആയ മുഖമോ ഒന്നുമില്ലാത്ത നടനായിരുന്നു മർലൻ ബ്രാൻഡോ. എന്നാൽ പിന്നീട് തൻറെ രൂപവും താൻ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വരെ അന്നത്തെ കാലത്തിൻറെ ഐക്കൺ ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയിൽ വരുന്ന കാലത്ത് ഒരു നായകന് വേണ്ട രൂപഭംഗി ഇല്ലെന്ന് പറഞ്ഞ് വില്ലനാക്കപ്പെട്ടവനാണ് മോഹൻലാൽ. പിന്നീട് മർലൻ ബ്രാൻഡോയെപോലെ തന്റെ രൂപത്തെയും സൗന്ദര്യത്തെയും ആളുകളെക്കൊണ്ട് പുകഴ്ത്തി പറയിപ്പിക്കാൻ തക്കവണ്ണം മോഹൻലാൽ മാറി.

ഒരു മെത്തേഡ് ആക്ടർ ആയിരുന്നിട്ടുകൂടി മർലൻ ബ്രാൻഡോയുടെ കഥാപാത്രങ്ങളില്ലാം തന്നെ മർലൻ ബ്രാൻഡോയെ കാണാൻ കഴിയും. അദ്ദേഹം സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തെ തന്നെ ഉപയോഗിക്കാൻ അല്ലെങ്കിൽ താൻ ആയിരുന്നു അതെങ്കിൽ എന്താണ് അവിടെ സംഭവിക്കുക എന്ന രീതിയിൽ ചെയ്യാനാണു ഇഷ്ടപ്പെട്ടിരുന്നത്. നമ്മുടെ മോഹൻലാലിനെപ്പോലെ.

എന്തുകൊണ്ട് മോഹൻലാലിനെ മർലൻ ബ്രാൻഡോയുമായി ഉപമിക്കുന്നു, അതിലെന്തെങ്കിലും വസ്തുതയുണ്ടോ എന്ന സംശയങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കേരളവും ഹോളിവുഡും പരസ്പരം താരതമ്യം ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നെങ്കിൽ ടെക്നിക്കലി നമ്മൾ അത്രയും ഉയരത്തിൽ ആയിരുന്നെങ്കിൽ മോഹൻലാൽ ഇന്ത്യയുടെ മർലൻ ബ്രാൻഡോ എന്നതിനപ്പുറം അവരിരുവരും പരസ്പരം ഉപമിക്കപ്പെടാൻ തക്കവണ്ണം കഴിവുള്ളവരാണ്. വളരെ നാച്ചുറലായി, പെർഫോം ചെയ്യുക എന്നതിനേക്കാൾ ബിഹേവ് ചെയ്യുന്നതുകൊണ്ടും എല്ലാ കഥാപാത്രങ്ങളിലും തൻറെ അംശം കൊടുക്കുന്നത് കൊണ്ടുമാണ് മോഹൻലാലിനെ നമ്മൾ നാച്ചുറൽ ആക്ടർ എന്നു വിളിക്കുന്നതെങ്കിൽ മർലൻ ബ്രാൻഡോയെയും നമുക്ക് നാച്ചുറൽ ആക്ടർ എന്ന് വിളിക്കാം.

Written by ‘The Mallu Analyst’
© Vivek & Vrinda