“മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് ഒരു വലിയ സർപ്രൈസ് ആയിരിക്കും. വിധിയോട് കീഴടങ്ങുന്ന കഥാപാത്രമല്ല മാമാങ്കത്തിൽ മമ്മൂട്ടിയുടെത്…” : സംവിധായകൻ പത്മകുമാർ

മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗ്രാഫിക് ഡിസൈന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഗ്രാഫിക് ടീസർ. ചിത്രത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അമിത പ്രതീക്ഷകളും പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സംവിധായകൻ എം പത്മകുമാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും പ്രേക്ഷകരുടെ അമിത പ്രതീക്ഷകൾക്ക് അല്പം കൃത്യത വരുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാമാങ്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ പരസ്യങ്ങളും വാർത്തകളും കണ്ട് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ബാഹുബലിപോലുള്ള ചിത്രമാണ്. എന്നാൽ അത്തരത്തിലുള്ള ചിത്രമല്ല മാമാങ്കം. അങ്ങനെയൊരു ചിത്രം മലയാളത്തിൽ ഒരിക്കലും ചിന്തിക്കാൻ കഴിയില്ല എന്നാൽ പത്മകുമാർ വെളിപ്പെടുത്തി. മലയാളസിനിമയുടെ പരിമിതിയിൽനിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലർത്തി ഒരുക്കുന്ന വാർ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രണയവും യുദ്ധവും സംഗീതവും പ്രതികാരവും എല്ലാം ഇതിലുണ്ട്. ചിത്രത്തെ ഇമോഷണൽ ത്രില്ലർ എന്ന ഗണത്തിൽ പരിഗണിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പത്മകുമാർ തുറന്നു പറഞ്ഞു.

ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത തരുന്ന അഭിപ്രായവും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ നായകൻ സാമൂതിരിയല്ല, ജനിച്ച മണ്ണിനായി ജീവൻ പണയംവെച്ച് ശത്രുവിനെതിരേ പോരാടുന്ന ചാവേറുകളുടെ കഥയാണെന്നും. ഏത് പ്രതിസന്ധിയിലും വിജയം കണ്ടെത്തുന്ന നായകൻ ഈ ചിത്രത്തിലില്ലന്നും. എല്ലാതരത്തിലും ചരിത്രത്തോട് നീതിപുലർത്തുന്ന, കാലത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരിക്കും മാമാങ്കം എന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിശദീകരണങ്ങൾ നൽകുന്നതിനിടയിൽ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം കൊള്ളിക്കുന്ന ഒരു സുപ്രധാനമായ വിവരം കൂടി സംവിധായകൻ പത്മകുമാർ വെളിപ്പെടുത്തി.

ചരിത്രവിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കൻ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാൽ മാമാങ്കത്തിൽ അങ്ങനെയല്ല. ഇപ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയാൻ പറ്റില്ലന്നും എന്നാലും പ്രേക്ഷകർക്ക് ഏറെ സർപ്രൈസ് സമ്മാനിക്കുന്ന കഥാപാത്രമായിരിക്കുമതെന്നും അദ്ദേഹം പറഞ്ഞു. മാമാങ്കം എന്ന ചിത്രത്തിലെ കാത്തിരിപ്പ് തുടരുകയാണ് ഇതിലും ഈ വർഷം തന്നെ സിനിമ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ സംവിധായകൻ വെളിപ്പെടുത്തിയതോടെ മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുകയാണ് മെഗാസ്റ്റാറിന്റെ മാമാങ്കത്തിനായി.