“ജനറേഷന്‍ ഗ്യാപ്പ് എന്ന് ഒന്ന് ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോഷിയുടെ ഒരോ ഫ്രെയ്മുകളും”- പൊറിഞ്ചു മറിയം ജോസ് കണ്ട ജോഷിയുടെ ഉറ്റസുഹൃത്ത് സംവിധായകന്‍ കെ.മധുവിന്റെ പോസ്റ്റ്

ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്നില്ലെന്ന് അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ് ജോഷിയുടെ ഫ്രെയ്മുകളെന്ന് സംവിധായകന്‍ കെ.മധു. പൊറിഞ്ചു മറിയം ജോസ് ചിത്രം കണ്ട ശേഷം ഫേസ്ബുക്കിലൂടെയാണ് മധു തന്റെ അഭിപ്രായം അറിയിച്ചത്. സിനിമയിലെത്തിയപ്പോള്‍ മുതല്‍ അടുത്ത സുഹൃത്തുക്കളാണെന്നും, ഇന്നും ആ സൗഹൃദം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപതൊന്നാം നൂറ്റാണ്ട്, സേതുരാമയ്യര്‍ സി.ബി.ഐ സീരിസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.മധുവിന്റെ വാക്കുകള്‍ സിനിമയിലെ നായകന്‍ ജോജു അടക്കം ഷെയര്‍ ചെയ്തിട്ടുണ്ട്.

തീയ്യേറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പൊറിഞ്ചു മറിയം ജോസ് ജോഷി എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ജോഷിയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ഏതാനം ചിത്രങ്ങള്‍ തീയ്യേറ്ററുകളില്‍ നിലംതൊട്ടിരുന്നില്ല. ലോകപാല്‍, അവതാരം, ലൈല ഒ ലൈല എന്നിവയാണ് അവയില്‍ ചിലത്. ചെമ്പന്‍ വിനോദ്, നൈല ഉഷ, വിജയ രാഘവന്‍, സുധി കോപ്പ, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോൾ, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്റെ ഓർമ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയർന്നു…. ചെന്നൈയിൽ ഒരേ സ്റ്റുഡിയോയിൽ രണ്ടിടത്തായി രണ്ട് വർക്കുകളുമായി ഒരേ സമയം പ്രവർത്തിച്ചനാളുകൾ… ഞാൻ എം. കൃഷ്ണൻ നായർ സാറിന്റെ കൂടെ ജോലി ചെയ്യുന്നു .ജോഷി മൂർഖൻ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയിൽ എത്തിയ കൊച്ചിൻ ഹനീഫ എന്നെ ചൂണ്ടി ജോഷിയോട്‌ പറഞ്ഞു: 
” ഇത് മധു വൈപ്പിൽ , അടുത്ത മിടുക്കനായ സംവിധായകൻ “. അന്നു മുതൽ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി..ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നു .

കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരിൽ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോൾ. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയിൽ അതിയായി സന്തോഷിക്കുന്നു. 
ജനറേഷൻ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കൽ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകൾ.

പൊറിഞ്ചുവായി തിരശീലയിൽ എത്തിയ ജോജു ജോർജ്ജ് കഥാപാത്രത്തെ തന്നോട് ചേർത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയിൽ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒർക്കാൻ സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകർക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു .