ധനുഷ്-കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്‌മോ വില്ലന്‍…!!! ഇന്ത്യന്‍ സിനിമ വീണ്ടും ലോകനെറുകിലേക്ക്‌

കാര്‍ത്തിക്ക് സുബ്ബരാജ്-ധനുഷ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് സുപ്രസിദ്ധ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ. ലോക പ്രസിദ്ധ ചിത്രങ്ങളായ ട്രോയ്, ബ്രേവ്ഹാര്‍ട്ട്, ഗെയിം ഓഫ് ത്രോണ്‍സ് സീരിസില്‍ അഭിനേതാവാണ് കോസ്‌മോ. അല്‍പ്പാച്ചീനോയെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ച റോളിലേക്കാണ് ഇപ്പോള്‍ കോസ്‌മോ എത്തിയിരിക്കുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ താരം.വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ലണ്ടനില്‍ ഷൂട്ടിംഗ് ആരംഭിച്ചു.
2016ല്‍ പുറത്തിറങ്ങിയ ഇരൈവിക്ക് ശേഷമാണ് കാര്‍ത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി ചിത്രമൊരുക്കുന്നു എന്ന് അറിയിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി അല്‍ പാച്ചിനോയെ സമീപിച്ചിരുന്നുവെന്ന് നേരത്തെ കാര്‍ത്തിക് പറഞ്ഞിരുന്നു. ഹോളിവുഡ് താരത്തിന്റെ ഡേറ്റിനായി ശ്രമിച്ചിരുന്നുവെങ്കിലും ഓരോരോ കാരണങ്ങള്‍ കൊണ്ടു നീണ്ടു പോകുകയായിരുന്നു.

റോബേര്‍ട്ട് ഡീനീറോ, അല്‍പ്പാച്ചീനോ എന്നീ രണ്ടു പേരുകളായിരുന്നു കാര്‍ത്തിക്കിന്റെ മനസില്‍. ഇവര്‍ക്കായി സിനിമയുടെ ഇംഗ്ലീഷ് തിരക്കഥ ഒരുക്കുകയും ചെയ്തു. മാസങ്ങളോളം ശ്രമിക്കുകയും ചെയ്‌തെങ്കിലും നടന്നില്ല. ഇതിനിടയിലാണ് പ്രഭുദേവയെവെച്ച് മെര്‍ക്കുറിയും, രജനീകാന്തിനെ വെച്ച് പേട്ടയും ചെയ്തത്.