“എങ്ങനെയാണ് ബോളിവുഡ് സിനിമകള്‍ക്ക് പോലും ഒരു ബെഞ്ച്മാര്‍ക്കായി തീരാന്‍ മലയാള സിനിമയ്ക്ക് കഴിയുന്നത്?? നല്ല സിനിമകള്‍ക്കായി കേരളത്തിലെ സംവിധായകരുടെ പ്രചോദനം എന്താണ്”..?? -ഉത്തരേന്ത്യന്‍ പ്രേക്ഷകന്റെ ചോദ്യത്തിന് ആഷിഖ് അബു നല്‍കിയ ഉത്തരം ഇതാണ്‌

മലയാള സിനിമ ഇപ്പോള്‍ അതിന്റെ് കൊഴിഞ്ഞു പോയ വസന്തകാലം ഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. അത്രമാത്രം രാജ്യാന്തര തലത്തിലും അന്തരാഷ്ട്ര തലത്തിലും ഇമ്പാക്ട് സൃഷ്ടിക്കാന്‍ നമ്മുടെ സിനിമകള്‍ക്ക് ആകുന്നുണ്ട്. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഫിലിം കമ്പാനിയന് വേണ്ടി ടീം വൈറസുമായി അനുപമ ചോപ്ര നടത്തിയ അഭിമുഖവും, അതില്‍ പ്രേക്ഷകരുടെ റിയാക്ഷനും. മലയാള സിനിമെയെപ്പറ്റി മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ലഭിക്കും. പ്രേക്ഷകരുമായി സംവദിക്കുന്നതിനിടയില്‍ ഒരാള്‍ എഴുന്നേറ്റ് ചോദിച്ച ചോദ്യം ഇതായിരുന്നു. താന്‍ ഇതുവരെ കണ്ട മലയാള സിനിമയുടെ അടിസ്ഥാനത്തിലാണ് ഇത് ചോദിക്കുന്നത്. നിങ്ങളുടെ സിനിമ ബോളിവുഡ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒത്തിരി മുകളിലാണ്, ഇന്ന് മറ്റ് ഇന്‍ഡസ്ട്രിക്ക് ചേസ് ചെയ്യാന്‍ പാകത്തിനുള്ള ഒരു ബെഞ്ച് മാര്‍ക്ക് നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്നു. എന്താണ് നിങ്ങളുടെ റെഫറന്‍സ്, എന്താണ് നിങ്ങളുടെ പ്രചോദനം, നിങ്ങള്‍ വായിക്കുന്നതും, കഴിക്കുന്നതുമെന്താണ്???

ആഷിഖ് അബുവിന്റെ ഉത്തരം ഇങ്ങനെ; അങ്ങനെയല്ല, എല്ലായിടത്തും നല്ല സിനിമയും, ചീത്ത സിനിമയും ഉണ്ടാകുന്നുണ്ട്. മലയാള സിനിമയിലും മറ്റ് സിനിമകള്‍ എന്ന പോലെ തന്നെ തുല്യമായ മോശം സിനിമകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ മലയാളത്തിന്റെ പ്രേക്ഷകര്‍ വളരെ വ്യത്യസ്തമാണ്. അവര്‍ക്ക് വേണ്ടത് കണ്ടന്റാണ്. അവര്‍ താരങ്ങളെ വെച്ചല്ല സിനിമ വിലയിരുത്തുന്നത്. അവര്‍ സംവിധായകരെയും, എഴുത്തുകാരെയും ശ്രദ്ധിക്കുന്നു. എന്താണ് സിനിമ സംവേദിക്കുന്നത് തിരക്കുന്നു.

മറ്റ് ഭാഷ സംസാരിക്കുന്ന, മലയാളികളല്ലാത്ത ആളുകള്‍ക്ക് മലയാള സിനിമയോടുള്ള ഇഷ്ടവും, ആഗ്രഹവും ഈ ഡിസ്‌കഷന്‍ സെഷനിലൂടെ വ്യക്തമാകുന്നു. വൈറസില്‍ അഭിനയിച്ച പാര്‍വതി, റീമ കല്ലുങ്കല്‍, സംവിധായകന്‍ ആഷിഖ് അബു, എഴുത്തുകാരായ മുഹ്‌സിന്‍ പരാരി, ഷറഫു, സുഹാസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.