“മാലിക്ക്” – 25 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ – മഹേഷ്‌ നാരായണൻ ചിത്രം ; പ്രിയനടി ജലജയുടെ തിരിച്ചുവരവ് ! #VIDEO

മികച്ച രീതിയിൽ ‘ടേക്ക് ഓഫ്’ ചെയ്ത് മലയാള സിനിമയെ പുതിയ ഒരു തലത്തിലേക്ക് കൊണ്ടുപോയ എഡിറ്ററും തിരക്കഥാകൃത്തും സംവിധായകനുമായ മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മാലിക്ക്’.ഫഹദ് ഫാസിലാണ് നായകൻ. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. നാല് കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. നാലു ഗെറ്റപ്പുകളിൽ ഫഹദ് ഫാസിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.ചെറുപ്പം മുതൽ വയസ്സനായുള്ള കഥാപാത്രം വരെയായി ഫഹദ് ഫാസിൽ മാലിക്കിൽ എത്തുന്നു.25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നു.ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവർക്കൊപ്പം 80-90കളിലെ സൂപ്പർഹിറ്റ് മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഇഷ്ടനായിക ജലജ നാളുകൾക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ‘മാലിക്ക്’ എന്ന സവിശേഷതയുമുണ്ട്.

ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്നു. സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. പി .ആർ.ഒ മഞ്ജു ഗോപിനാഥ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന് ഖ്യാതിയുള്ള ‘മാലിക്ക്’ 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും.