“നിങ്ങള്‍ മലയാളികളുടെ ‘ഇന്റലിജന്‍സിനെ’ ചോദ്യം ചെയ്താല്‍…അവര്‍ ആ സിനിമ വിജയിപ്പിക്കില്ല” -എന്തു കൊണ്ട് കേരളത്തില്‍ നിന്നും മികച്ച സിനിമ ഉണ്ടാകുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി..!!

ബോളിവുഡിലും തന്റെ നിലയുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ദുല്‍ഖര്‍. സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന സോയ ഫാക്ടറില്‍ അത്ര തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന റോളാണ് ദുല്‍ഖറിനുള്ളതും. അതേസമയം മലയാള സിനിമകളെ രാജ്യാന്തര തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്താനും ദുല്‍ഖര്‍ ഈ പ്ലാറ്റ്‌ഫോം വിനയോഗിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിമുഖകള്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും 20 ദിവസം അവധിയെടുത്താണ് താരം സോയ ഫാക്ടറിന്റെ പ്രെമോഷനായി നീക്കി വെച്ചത്.

മലയാള സിനിമയ്ക്ക് ഇത്രയേറെ ക്വാളിറ്റിയുണ്ടാക്കാന്‍ കഴിയുന്നതെങ്ങനെ എന്ന അനുപമ ചോപ്രയുടെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ്. കൂടിപോയാല്‍ 150 മുതല്‍ 200 വരെയുള്ള തീയ്യേറ്റുകളാണ് ഞങ്ങള്‍ക്കുള്ളത്. അതില്‍ 75 തീയ്യേറ്ററില്‍ പടം ഓടികഴിഞ്ഞാല്‍ തന്നെ സിനിമ ആദായകരമാകും. ഒരു സിനിമ മലയാളികളുടെ ഇന്റലിജന്‍സിനെ ചോദ്യം ചെയ്യുന്നതാണെങ്കില്‍ അവര്‍ അതു കാണില്ല. ഒരു ചിത്രം അവരുടെ പണവും, സമയം നഷ്ടപ്പെടുത്തുമെന്ന് മനസിലായാല്‍ അവര്‍ അത് കാണില്ല. എന്നാല്‍ സിനിമയില്‍ കാമ്പുണ്ടെങ്കില്‍ അവര്‍ അത് കണ്ടു പ്രോത്സാഹിപ്പിക്കും. ഉദാഹരണത്തിന് കുമ്പളങ്ങിയുടെ വിജയം.

രണ്ടാമത്തെ കാര്യം നിങ്ങള്‍ ബോളിവുഡ് ഇന്‍ഡസ്ട്രി എന്നാല്‍ വളരെ വലിയ ഒരു മേഖലയാണ്. ഏതാണ്ട് 4000 സ്‌ക്രീനോളം വലുത്. അവിടെ ഒരു സിനിമയുടെ അഭിപ്രായം മോശമാണെങ്കില്‍ മുഴുവന്‍ ഇന്ത്യയിലും, അന്താരാഷ്ട്ര തലത്തില്‍ പോലും ആ ബിസിനസ് ബാധിച്ചേക്കാം. എന്നാല്‍ മലയാളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയതു കൊണ്ട് തന്നെ ഇവിടത്തെ ഏറ്റവും മികച്ച സിനിമകള്‍ മാത്രമാണ് മറ്റ് ഭാഷ സംസാരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുക. ഞങ്ങള്‍ക്കും പരാജയ ചിത്രങ്ങളുണ്ട്. എന്നാല്‍ അത് രാജ്യന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതു കൊണ്ട് തന്നെ മലയാള സിനിമയെ മറ്റ് ഇന്‍ഡസ്ട്രിയെക്കാള്‍ മികച്ചത് എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. മറ്റു ഭാഷകളിലും നല്ല സിനിമകളുണ്ട്. എങ്കിലും മികച്ച കണ്ടന്റുകളെ സ്വീകരിക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ ഉത്സാഹമുണ്ട്. അവര്‍ അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് സംവിധായകരെ പുതിയ വഴി തേടി പോകാന്‍ പ്രേരണയാകുന്നു.