മോഹൻലാൽ പുതുമുഖങ്ങൾക്ക് വാതിൽ തുറന്നുകൊടുത്തു !! നീണ്ട 25 വർഷത്തെ കാത്തിരിപ്പിന്റെ ഫലമായി “ഇട്ടിമാണി” സംഭവിച്ചു എന്ന് സംവിധായകർ !! #ഓണംwinner


സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രം ഓണക്കാലത്ത് പ്രേക്ഷകർക്ക് വിരുന്ന് ആവുകയാണ്. മികച്ച കുടുംബചിത്രം എന്ന സവിശേഷതയുടെ ഇട്ടിമാണി കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ ജന സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് കേന്ദ്രങ്ങളിൽ നിന്ന് എല്ലാം ചിത്രത്തിന് മികച്ച പ്രതികരണവും ഹൗസ്ഫുൾ ബോർഡുകളും ലഭിച്ചു കൊണ്ടിരിക്കുന്നു. ജിബി ജോജു എന്നീ നവാഗത സംവിധായകരുടെ തുടക്കം ഇതോടെ ഗംഭീരമായിരിക്കുകയാണ്. ആശീർവാദ് സിനിമാസിന് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ മോഹൻലാൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബിയും ജോജുവും പറയുന്നത് അവരുടെ 25 വർഷത്തെ മോഹ സാഫല്യമാണ് ‘ഇട്ടിമാണി’ എന്ന ഈ ചലച്ചിത്രം എന്നാണ്. നാട്ടിലും വീട്ടിലും എല്ലായിപ്പോഴും കേട്ടിരുന്ന ‘എന്നാണ് നിങ്ങൾ ഒരു സിനിമ എടുക്കുക’?  എന്ന ചോദ്യത്തിന് ദീർഘകാലം കൊണ്ട് കണ്ടെത്തിയ ഒരു ഉത്തരം ആയും ജിബിയും – ജോജുവും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയെ നോക്കികാണുന്നു. ഏറെക്കാലമായി സിനിമയുമായി ബന്ധപ്പെട്ട തന്നെ നിൽക്കുന്ന ജിബിയും ജോജുവും വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തുടങ്ങിയ മികച്ച സിനിമകളുടെയെല്ലാം സഹസംവിധായകരായിരുന്നു. 

ജിബി – ജോജു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ ഇതാ ചുവടെ ചേർക്കുന്നു..

സത്യത്തിൽ എന്തായിരുന്നു പ്രശ്നം? 

ഞങ്ങളുടെ സമയമായില്ലെന്നു കരുതിയാൽമതി. നാട്ടിൽ പലരും ചോദിച്ചുതുടങ്ങി ‘സിനിമയിൽ സത്യത്തിൽ എന്താണു പണി’യെന്ന്. എന്നു സിനിമചെയ്യുമെന്നു ചോദിച്ചവർ പിന്നീട് എന്നെങ്കിലും സിനിമചെയ്യുമോ എന്നു ചോദിക്കാൻതുടങ്ങി. പക്ഷേ ആരെന്തു ചോദിച്ചാലും നല്ല സിനിമ കിട്ടുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. 

എങ്ങനെയാണ് ഇട്ടിമാണിയിലേക്ക്?

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമചെയ്യുന്ന സമയത്തു മോഹൻലാലുമായി നല്ല അടുപ്പത്തിലായി. ഒരുദിവസം ഒരു കഥ പറയാനുണ്ടെന്നു ലാൽ സാറിനോടു പറഞ്ഞു. ലാൽ സാർ കാരവനിലേക്കു വിളിച്ചു കഥ കേട്ടു. ഒന്നും പറഞ്ഞില്ല. ആന്റണി പെരുമ്പാവൂരിനോടും കഥപറഞ്ഞു. അദ്ദേഹവും മിണ്ടിയില്ല. 2017 ജനുവരി 2ന് ആന്റണിച്ചേട്ടൻ വിളിച്ചു ലാൽസാറിന്റെ വീട്ടിലേക്കുവരാൻ പറഞ്ഞു. അന്നു ഞങ്ങൾ വിശദമായ കഥ പറഞ്ഞു. ലാൽസാറിനു വേണ്ടി എഴുതിയ കഥാപാത്രമായിരുന്നില്ല ഇത്. അതുകൊണ്ടുതന്നെ മാറ്റങ്ങൾ വേണമായിരുന്നു. കഥ കേട്ടശേഷം ലാൽസാറും ആന്റണിയും പറഞ്ഞത്, കഥ ഇഷ്ടമായെന്നും കുറെ സിനിമകൾ ചെയ്യാൻ ബാക്കിയുള്ളതിനാൽ എപ്പോൾ നടക്കുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ല എന്നുമാണ്. പോരുമ്പോൾ ലാൽസാർ പറഞ്ഞു, ‘നിങ്ങൾ ഇതു വേറെ ആർക്കെങ്കിലുംവേണ്ടി ചെയ്യാൻ പറ്റിയാൽ മടിക്കരുത്. അവർക്കുവേണ്ടി ചെയ്യുക.’ ഞങ്ങൾക്കു മടുപ്പു തോന്നിയില്ല. 23 വർഷം കാത്തിരുന്ന ഞങ്ങൾക്ക് ഇതു പുത്തരിയായിരുന്നില്ല. 

പിന്നെയോ? 

ഒക്ടോബർ 8നു വീണ്ടും വിളിച്ചു. ഇതിനിടയിൽ തിരക്കഥ എഴുതാൻ ഞങ്ങൾ പലരെയും സമീപിച്ചു. ഇതു നടക്കുന്ന സിനിമയാണെന്ന് ഉറപ്പില്ലാത്തതിനാൽ അവരെല്ലാം കയ്യൊഴിഞ്ഞു. വർഷങ്ങളായി പരിചയമുള്ളവരും സുഹൃത്തുക്കളെന്നു കരുതിയവരും ഞങ്ങളെ ഗൗരവത്തോടെ കണ്ടില്ല. സിനിമയിൽ കഴിവു തെളിയിച്ചവരല്ലല്ലോ ഞങ്ങൾ. ജോലിചെയ്തു പരിചയമുണ്ടെന്നെല്ലാം പറയാമെന്നുമാത്രം. അതിലൊന്നും കാര്യത്തോട് അടുക്കുമ്പോൾ വലിയകാര്യമില്ലെന്നു ഞങ്ങൾക്കു ബോധ്യമായി. അതോടെ ഞങ്ങൾ ഇരുവരും ചേർന്ന് എഴുതാൻതുടങ്ങി. 25 വർഷമായി ചെയ്തിരുന്നതു സ്ക്രിപ്റ്റ് വായിച്ചു പറഞ്ഞുകൊടുക്കലും സീൻ തയാറാക്കലുമായിരുന്നല്ലോ. 

അന്നു ഞങ്ങൾ എഴുതിയ തിരക്കഥ വായിച്ചുകൊടുത്തു. കുറെ മാറ്റങ്ങൾ ഇടയ്ക്കു പറഞ്ഞുവെങ്കിലും വായിച്ചുകേട്ട ശേഷം ലാൽസാർ ആന്റണിയോടു ചോദിച്ചു, ‘ആന്റണി, അപ്പോൾ നമ്മളിതു ചെയ്യുകയല്ലേ.’ ആന്റണി ചിരിക്കുക മാത്രം ചെയ്തു. കാപ്പികുടിച്ചു പുറത്തിറങ്ങി വണ്ടിയിൽ കയറുമ്പോൾ ആന്റണിച്ചേട്ടൻ അടുത്തുവന്നു കൈപിടിച്ചു കുലുക്കി പറഞ്ഞു: ‘നമ്മളിതു ചെയ്യുന്നു.’

വല്ലാത്തൊരു സമയമായിരുന്നു അത്. പുറത്തിറങ്ങിയ ഉടൻ പരസ്പരം പറഞ്ഞതു ലാൽസാർ അനൗൺസ് ചെയ്യുന്നതുവരെ ആരോടും പറയേണ്ട എന്നാണ്. കാരണം ഇതെങ്ങാനും നടക്കാതെ പോയാൽ കളിയാക്കലിന്റെ ശക്തി കൂടും. ഇപ്പോൾത്തന്നെ ‘ഒന്നുമായില്ലേ’ എന്നു ചോദിക്കുന്നതു കേട്ടു മടുത്തിരിക്കുന്നു. 

ഇട്ടിമാണി സാധാരണ കഥയാണ്. നാട്ടിൽ ഏറെക്കാലമായി കണ്ട കഥാപാത്രങ്ങളിൽനിന്നു ഞങ്ങൾക്കുകിട്ടിയ സിനിമ. ചൈനയിൽ 4 ദിവസം ഷൂട്ടു ചെയ്തു. ഈ കഥയ്ക്കൊരു ചൈനാ കണക്‌ഷനുണ്ട്.  ലാൽസാർ പടം അനൗൺസ് ചെയ്തതു 3 ആഴ്ച കഴിഞ്ഞാണ്. സത്യത്തിൽ ആ മൂന്നാഴ്ചയും ടെൻഷൻ കാരണം പലദിവസവും ഉറങ്ങാൻ കഴിഞ്ഞില്ല. അനൗൺസ് ചെയ്ത ദിവസമാണ് അടുത്ത സുഹൃത്തുക്കൾ പോലും അറിയുന്നത്. 

25 വർഷം സെറ്റിൽനിന്നു സെറ്റിലേക്കുള്ള യാത്രയാണു ഞങ്ങളുടെ ജീവിതം. ഒരിക്കൽപ്പോലും മടുപ്പോ നിരാശയോ തോന്നിയില്ല, പിരിഞ്ഞുപോകാൻ തോന്നിയില്ല. ചെയ്യുന്നുവെങ്കിൽ ഒരുമിച്ചെന്ന വാക്കിൽ ഉറച്ചുനിന്നു. പരിചയസമ്പന്നരായ എത്രയോ പേർ കാത്തുനിൽക്കെ ലാൽ സാറിനെപ്പോലെ ഒരാൾ ഞങ്ങൾക്കൊരു അവസരം തന്നുവെന്നതു ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്. 25 വർഷത്തിനിടയിൽ ‍പലർക്കുമൊപ്പം ജോലിചെയ്തു. പക്ഷേ മോഹൻലാലിനൊപ്പം ജോലിചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. അതാണ് ഇട്ടിമാണിയിലേക്കു വഴിതുറന്നത്.