“നീ ഒരിക്കലും സിനിമയിൽ വരില്ല എന്ന് അച്ഛൻ പറഞ്ഞത് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന തോന്നിയ കാര്യം”. നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ !!

മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചു നിർത്താനാവാത്ത താരമാണ് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന നടനെയും അദ്ദേഹത്തിന്റെ സിനിമകളെയും മലയാളികൾക്ക് എന്നുമൊരു മികച്ച അനുഭവം തന്നെയാണ്. എഴുത്തുകാരനായും സംവിധായകനായും അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞാടിയപ്പോൾ ഉണ്ടായ സിനിമകൾ മലയാളസിനിമയ്ക്ക് തന്നെ അഭിമാന ചിത്രങ്ങൾ ആയി നിലനിൽക്കുന്നു. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇപ്പോൾ സിനിമയിൽ തന്നെ തങ്ങളുടെ സാന്നിധ്യം വളരെ മികച്ച രീതിയിൽ അറിയിച്ചു മുന്നേറുകയാണ്. മക്കളിൽ വിനീത് ശ്രീനിവാസനാണ് ആദ്യം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഒരു ഗായകനായി മലയാളസിനിമയിലേക്ക് കാലെടുത്തുവച്ച വിനീത് അച്ഛൻ ശ്രീനിവാസന് പോലും പിന്നണിഗാനം ആലപിച്ച് മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്തു. പിന്നീട് അച്ഛന്റെ പാത പോലെ തന്നെ നായകനടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാളി പ്രേക്ഷകരെ വിനീത് ശ്രീനിവാസൻ വിസ്മയിപ്പിച്ചു. മലയാളസിനിമയിൽ ശോഭിച്ച് വിനീത് ശ്രീനിവാസൻ തന്റെ പ്രതിഭ തെളിയിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായ ധ്യാൻ ശ്രീനിവാസൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വിനീത് തന്നെ സംവിധാനം നിർവഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “തിര” എന്ന ചിത്രത്തിലൂടെ നായകനായി തന്നെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് വന്നത്. പിന്നീട് കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യടി വാങ്ങിയ അദ്ദേഹം മികച്ച ഒരു താരമായി തന്നെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോൾ നടൻ എന്നതിലുപരി ധ്യാൻ ശ്രീനിവാസൻ ഒരു സംവിധായകനെന്ന നിലയിൽ പ്രശസ്തി ആർജിച്ചിരിക്കുന്നുത്. നിവിൻ പോളിയും നയൻതാരയും നായികാനായകൻമാരായി അഭിനയിക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ തന്റെ സംവിധായക പ്രതിഭയെക്കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഭേദപ്പെട്ട പ്രതികരണത്തിലൂടെ പ്രദർശനം തുടരുകയാണ് ചിത്രം.

ശ്രീനിവാസൻ എന്ന അച്ഛൻ മുന്നിൽ നിൽക്കുമ്പോൾ സിനിമയിലേക്ക് കടന്നു വരിക വലിയ എളുപ്പത്തിൽ സാധിക്കും എന്നാണ് ഭൂരിപക്ഷം ആളുകളുടെയും തെറ്റിദ്ധാരണ. എന്നാൽ ധ്യാൻ ശ്രീനിവാസൻ സിനിമയിൽ ഒരിക്കലും എത്തില്ല എന്ന് പറഞ്ഞ വ്യക്തി അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു.
സിനിമയിൽ പ്രേക്ഷകർ കണ്ട ശ്രീനിവാസൻ അല്ല ജീവിതത്തിൽ ഉള്ളത്. വളരെ കർക്കശക്കാരനും കാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമുള്ള അദ്ദേഹം സ്വന്തം മകനോടും അത്തരത്തിൽ കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ നേരെ പറഞ്ഞിട്ടുണ്ടെന്ന് ധ്യാൻ വെളിപ്പെടുത്തുന്നു. അത്തരത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത് വച്ച് ഏറ്റവും കൂടുതൽ വേദനപ്പെടുത്തിയത് നീ ഒരിക്കലും സിനിമയിൽ വരില്ല എന്ന് അച്ഛൻ പറഞ്ഞതായിരുന്നു എന്ന് ധ്യാൻ ഓർത്തെടുക്കുന്നു. അത് ഒരു പ്രോത്സാഹനമായിട്ടോ പ്രചോദനമായിട്ടോ എടുക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞതല്ല കാര്യമായി തന്നെയായിരുന്നു ആഭിപ്രായം പറഞ്ഞത്. അപ്പോളാണ് തനിക്ക് ജീവിതത്തിൽ സിനിമയിൽ എത്തണം എന്ന് വാശി കൂടിയതും അതിനു വേണ്ടി പരിശ്രമിച്ചതും. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുവാൻ വേണ്ടി കൈരളി ടിവിയുടെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ധ്യാൻ ശ്രീനിവാസൻ തന്റെ ജീവിതത്തിൽ അച്ഛനുമായുള്ള ബന്ധത്തെപ്പറ്റി വിശദീകരിച്ചത്. ഏവരിലും ചിരി പടർത്തുന്ന നർമ്മ സംഭാഷണങ്ങളിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീനിവാസൻ അഭിപ്രായം എന്തുതന്നെയായാലും അദ്ദേഹത്തിന്റെ മക്കളായ ഇരുവരെയും മലയാളി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.