വെനീസ് ചലച്ചിത്ര മേളയിൽ മുണ്ടുടുത്ത് റെഡ് കാർപെറ്റിലൂടെ മാസ്സായി നടന്ന് ചരിത്രം കുറിച്ച് ജോജു ; ‘ചോല’ ടീമിനെ കൈയ്യടികളോടെ എതിരേറ്റ് കാണികൾ ! #ProudMoments

മലയാള സിനിമയ്ക്ക് അഭിമാനമായി വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്ക് ശേഷമാണ് വെനീസ് ചലച്ചിത്രമേളയിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. മലയാളത്തെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമായിരുന്നു അത്. മേളയിൽ ചോല എന്ന ചിത്രം പ്രദർശിപ്പിക്കുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച പ്രമുഖർ പ്രദർശനം കാണാൻ എത്തിയിരുന്നു. സംവിധായകൻ സനൽ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് എന്നിവരാണ് റെഡ് കാർപ്പറ്റിൽ എത്തിയത്. കൂട്ടത്തിൽ നടൻ ജോജു ജോർജ് നല്ല തനി നാടൻ കേരളീയ വേഷത്തിലാണ് എത്തിയത്. മുണ്ടുടുത്ത് റെഡ് കാർപെറ്റിൽ നടന്ന് വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ താരമായി മാറി ജോജു ജോർജ്.

കൈയ്യടികളോടെയാണ് കാണികൾ ചോല സിനിമയുടെ അണിയറക്കാരെ വരവേറ്റതും. ഈ സിനിമയുടെ ആദ്യ ഷോയാണ് വെനീസിൽ നടന്നത്. കെ.വി. മണികണ്ഠൻ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചോലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസിന്റെ  ബാനറിൽ ജോജു തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഷാജി മാത്യു, അരുണാ മാത്യു എന്നിവർ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്.  ജോജു വിനെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ചോല സംസ്ഥാന – ദേശീയ തലത്തിൽ നേടിയിരുന്നു.