‘നീ മുകിലോ’ പാടി മനം കവർന്ന ഗായിക അനന്യ കുട്ടി ഇനി സിനിമയിൽ പാടും ; അവസരമൊരുക്കി സംഗീത സംവിധായകൻ ബിജിപാൽ ! ജയസൂര്യ – പ്രജീഷ് സെൻ ചിത്രത്തിലാണ് പാടുക..

‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം തന്റെ അതി മനോഹര ശബ്ദത്തിൽ ആലപിച്ച് ആസ്വാദകരുടെ മനം മയക്കിയ മിടുക്കി ഗായിക അനന്യ കുട്ടിക്ക് സിനിമയിൽ പാടാൻ അവസരം തേടിയെത്തി. തന്റെ അസാധ്യമായ ഗാനാലാപനത്തിലൂടെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ അനന്യക്ക് സിനിമയിൽ പാടാൻ അവസരം നൽകുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ ആണ്.’ക്യാപ്റ്റന്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍-  ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് അനന്യ പാടുക. സോഷ്യൽ മീഡിയ വഴി അനന്യയുടെ പാട്ടുകേട്ട പ്രജേഷ് സെന്നും ബിജിപാലും ചേര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നു. ജന്മനാ കാഴ്ചയില്ലാത്ത അനന്യയ്ക്ക് വേണ്ടി സിനിമയിലെ ഒരു പാട്ട് ഇവര്‍ മാറ്റിവയ്ക്കുകയായിരുന്നു.ഈ ചിത്രത്തിലെ നായകൻ ജയസൂര്യയും അനന്യക്കുട്ടിക്ക് പൂർണപിന്തുണയുമായി എത്തിയിരിക്കുന്നു. അനന്യയെ തന്റെ സിനിമയില്‍ പാടിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ പ്രജേഷ് സെന്‍ പറയുന്നു.മിനി പത്മ എന്ന യുവതിയുടെ ഫേസ്ബുക്ക് പേജിലാണ് സ്കൂൾ യൂണിഫോം ഇട്ട് ബെഞ്ചിൽ ഇരുന്ന് പാട്ടുപാടുന്ന അനന്യക്കുട്ടിയുടെ വീഡിയോ ആസ്വാദകർ കേട്ടറിഞ്ഞത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഒരുപാടുപേർ വീഡിയോ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തതോടെ അനന്യക്കുട്ടി ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രിയങ്കരനായി മാറുകയായിരുന്നു.

പാർവതി നായികയായി അഭിനയിച്ച ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ പുതുമഴ മണിയോ’ എന്ന് തുടങ്ങുന്ന ഗാനം പാടിയാണ് അനന്യ സംഗീത ആസ്വാദകരുടെ മനം കവർന്നത്. ഈ പാട്ട് കേട്ട് ആസ്വാദകർ ഒരുപാട് ആശംസകളും പ്രാർത്ഥനകളും അനന്യയ്ക്ക് നൽകുകയുണ്ടായി. 100 ശതമാനം കാഴ്ച നഷ്ടപ്പെട്ട അനന്യ കണ്ണൂര്‍ വാരം സ്വദേശിയാണ്. ധര്‍മ്മശാല മാതൃകാ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൂടിയാണ് അനന്യ.