വടംവലി ആസ്പദമാക്കി ഒരുങ്ങുന്ന ‘ആഹാ’യിലെ ഓണം സ്പെഷ്യൽ ‘വലിപ്പാട്ട്‌’ ഉടൻ റിലീസ്‌ ചെയ്യുന്നു. നായകൻ ഇന്ദ്രജിത്തും ഹരി ശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വടംവലി എന്ന കായികയിനത്തിനെ ആസ്പദമാക്കി ഒരുക്കുന്ന മലയാള ചിത്രമാണ് ആഹാ. നിരവധി നാളുകളായി സമൂഹമാധ്യമങ്ങളിൽ ആഹാ എന്ന ചിത്രത്തെക്കുറിച്ച് വാർത്തകൾ വളരെയധികം ചർച്ചയായി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ എന്ന തരത്തിലുള്ള അണിയറക്കാർ പുറത്തുവിട്ട വീഡിയോകൾ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ കൂടുതലായി ഒന്നും നാളിതുവരെയായി പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ സുപ്രധാന വിവരം അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. ആഹാ ചിത്രത്തിലെ ഒരു ഗാനം ഓണത്തിനോടനുബന്ധിച്ച് പുറത്തു വരുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഓണം സ്പെഷ്യൽ വലിപ്പാട്ട് എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും നടൻ ഇന്ദ്രജിത്തും ചേർന്നാണ്. ഇന്ദ്രജിത്ത് എന്ന ഗായകനെ മുൻപ് പലതവണ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രശസ്ത പിന്നണി ഗായകൻ ഹരിശങ്കറിന്റെ കൂടെ ഇന്ദ്രജിത്തും കൂടി ചേരുമ്പോൾ ആ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ‘ജീവാംശമായി’ എന്നാ തീവണ്ടി ചിത്രത്തിലെ ഗാനവും, കിസ്മത്ത് എന്ന ചിത്രത്തിലെ ‘നിളമണൽതരികളിൽ’ എന്ന ഗാനവും ആലപിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു യുവ ഗായകനാണ് ഹരിശങ്കർ.

തോൽവികളിൽ നിന്നും തുടർച്ചയായ റെക്കോർഡ് വിജയങ്ങളിലൂടെ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു വടംവലി ടീം തൊണ്ണൂറുകളിൽ സജീവമായിരുന്നു. ആഹാ എന്ന് പേരുള്ള ഈ വടംവലി ടീം വടംവലി എന്ന കായിക ഇനത്തെ കൂടുതൽ ജനകീയമാക്കി. വളരെ ആവേശകരമായ ആഹാ എന്ന ടീമിന്റെ സംഭവ വികാസങ്ങൾ മുഴുവൻ ഒരു സിനിമയാക്കാൻ പോകുന്നു. പരാജയത്തിന്റെ, വിജയത്തിന്റെ ഒക്കെ നടുവിൽ നിന്നുകൊണ്ട് ആഹാ എന്ന ടീം നടത്തിയ പോരാട്ടങ്ങളെ ഒരു ചരിത്ര സംഭവം എന്ന രീതിയിൽ മലയാള സിനിമയായി രൂപംകൊള്ളാൻ പോകുന്നു. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് എഡിറ്റർ കൂടി ആയ ബിബിൻ പോൾ സാമുവലാണ് ചിത്രത്തിന്റെ സംവിധാനം. യുവതാരങ്ങളിൽ ശ്രദ്ധേയനായ മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്താണ് ചിത്രത്തിൽ നായകനായി അഭിനയിക്കുക. നാളിതുവരെയായി ഇന്ദ്രജിത്തിനെ ഒരു മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും ഇന്ദ്രജിത്ത് എന്ന നടനോട് പ്രേക്ഷകർക്കുള്ള ഇഷ്ടവും സ്വീകാര്യതയും ഒരിക്കലും കുറഞ്ഞിട്ടുമില്ല. ഈ ചിത്രത്തിലൂടെ ഇന്ദ്രജിത്തിനെ നായകനടൻ ശക്തമായി തിരിച്ചു വരും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ദ്രജിത്തിനെ കൂടാതെ മറ്റു ശ്രദ്ധേയരായ നടൻമാരും ചിത്രത്തിൽ അണിനിരക്കുന്നു. ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘ധ്രുവങ്കള്‍ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.