“ഇന്നും എന്നും അഭിനയത്തിന്റെ കാര്യത്തിൽ നമ്പർ 1 ആയി കാണുന്നത് മോഹൻലാലിനെയാണ്” : എന്ന് സംവിധായകൻ വിനയൻ !

സൂപ്പർസ്റ്റാർ മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാൽ എന്ന വ്യക്തിയെ നായകനാക്കി ‘സൂപ്പർ സ്റ്റാർ’ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് സംവിധായകൻ വിനയൻ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മോഹൻലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക് ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ് (സത്യം,  വെള്ളിനക്ഷത്രം), ദിലീപ് (വാർ & ലവ്), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ) എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്. ജയസൂര്യ (ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ), മണിക്കുട്ടൻ (ബോയ് ഫ്രണ്ട്) എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നവരാണ്. പക്ഷെ, വിനയൻ പറയുന്നത് “അഭിനയത്തിന്റെ കാര്യത്തിൽ അന്നുമെന്നും മോഹൻലാലാണ് ഒന്നാം സ്ഥാനത്ത്” എന്നാണ്. ഈയടുത്തക്കാലത്ത് മനോരമയിൽ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല എന്നും അത് ചിലർ തെറ്റിദ്ധരിച്ച് മെനഞ്ഞെടുക്കുന്ന വാർത്തകൾ ആണെന്നും വിനയൻ കൂട്ടിച്ചേർത്തു പറയുന്നു.

2005-ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് ബുക്കിലും ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്സിലും സ്ഥാനം നേടി. ഈ സിനിമ പിന്നീട് തമിഴിലും വിനയൻ പുനർനിർമ്മിക്കുകയുണ്ടായി. അജയൻ തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകൻ. വിനയന്റെ തന്നെ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രവും വിനയൻ തമിഴിൽ പുനർനിർമ്മിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്. 2018ൽ പുറത്ത് വന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്നപേരിൽ കലാഭവൻ മണിയുടെ ജീവിതം കാണിച്ചു തന്ന സിനിമ ചെയ്താണ് വിനയൻ ഏറെ കാലങ്ങൾക്ക് ശേഷം ഒരു ബോക്സ്‌ ഓഫീസ് വിജയം കൈവരിച്ച് തിരിച്ചുവന്നത്. ഇപ്പോൾ ആകാശ ഗംഗ രണ്ടാം ഭാഗം ഒരുക്കുന്ന വിനയൻ അതിന് ശേഷം ജയസൂര്യയുമായി ഒരു സിനിമ ചെയ്യും. ഒരു മോഹൻലാൽ സിനിമയും വിനയൻ ചെയ്യാൻ ഒരുങ്ങുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.