‘ഇത് ജനാധിപത്യ വിരുദ്ധമാണ്’ : രജനികാന്തിന്റെ നിലപാടല്ല വിജയ് സേതുപതിക്ക് : കശ്മീർ പ്രശ്നത്തിൽ കേന്ദ്രത്തെ വിമർശിച്ച് മക്കൾ സെൽവൻ !

ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ ഉരുത്തിരിഞ്ഞ നടപടി രാജ്യത്ത് ഏറെ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. കാശ്മീരുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനത്തെ അഭിനന്ദിച്ചും പ്രതികൂലിച്ചും ഒരുപാട് പ്രശസ്ത സിനിമ – സാമൂഹിക – രാഷ്ട്രീയ വ്യക്തിത്വങ്ങൾ രംഗത്ത് വന്നിരുന്നു. കേന്ദ്ര നടപടി അഭിനന്ദിച്ച് തമിഴക മന്നൻ നടന്‍ രജനീകാന്ത് തന്നെ വേദിയിൽ പ്രസംഗിക്കുകയും ചെയ്തു. ‘മിഷന്‍ കശ്മീരി’ന് അമിത് ഷായ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേർന്നു ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായടക്കം പങ്കെടുത്ത വേദിയിൽ അദ്ദേഹംപറഞ്ഞത് : ‘പാര്‍ലമെന്റില്‍ താങ്കള്‍ നടത്തിയ പ്രസംഗം മികച്ചതായിരുന്നു. അമിത് ഷാ-മോദി കൂട്ടുകെട്ട് കൃഷണന്‍-അര്‍ജുനന്‍ കൂട്ടുകെട്ട് പോലെയാണ്. നിങ്ങള്‍ക്കും രാജ്യത്തിനും എല്ലാവിധ ആശംസകളും.’ എന്നാണ്.

എന്നാൽ കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഇപ്പോൾ ഇതാ തമിഴകത്തെ മക്കൾ സെൽവൻ നടന്‍ വിജയ് സേതുപതി സംസാരിച്ചിരിക്കുന്നു. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വ്യക്തമായി വിമര്‍ശിച്ചു സംസാരിച്ചിരിക്കുന്നത്.

വിജയ് സേതുപതി പറയുന്നു..

‘ഇത് ജനാധിപത്യ വിരുദ്ധമാണ്. പെരിയാര്‍ മുന്നേ പറഞ്ഞിട്ടുണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അവര്‍തന്നെയാണെന്ന്. എനിക്ക് നിങ്ങളുടെ വീട്ടിലെ പ്രശ്‌നത്തില്‍ തലയിടാന്‍ കഴിയോ? നിങ്ങളാണ് അതിനു പരിഹാരം കാണേണ്ടത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാവാം. എന്നാല്‍ എന്റെ തീരുമാനങ്ങള്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇവ രണ്ടും വ്യത്യാസമുണ്ട്’ : വിജയ് സേതുപതി വ്യക്തമാക്കി.