പ്രളയത്തില്‍പ്പെട്ട മലയാളി സഹോദരങ്ങൾക്ക് സഹായഹസ്തവുമായി ദളപതി വിജയ് ; ആരാധകർ വഴി സജീവ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം !

പ്രളയ കാലത്ത് സഹായ ഹസ്തവുമായി ദളപതി വിജയ്. കേരളത്തിൽ പ്രളയത്തില്‍പ്പെട്ട മലയാളി സഹോദരങ്ങളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ മലയാളികൾക്കും ദത്തുപുത്രനായ ഈ സൂപ്പർതാരം. ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് വിജയ് സഹായങ്ങള്‍ എത്തിക്കുന്നത്. നീണ്ടകരയില്‍ ചവറ എം.എല്‍.എ വിജയന്‍പിള്ള ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങി. 15 പ്രവര്‍ത്തകരും വോളന്റിയര്‍മാരായി പ്രളയബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിലും ഇവര്‍ ഏര്‍പ്പെടും. പ്രളയ ദുരിതം രൂക്ഷമായ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. പരമാവധി സഹായങ്ങള്‍ രണ്ടാം പ്രളയത്തിലും ചെയ്യാനാണ് വിജയ് ഫാന്‍സിന്റെ തീരുമാനം. വിജയ് തന്നെ നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് രാജ്യത്ത് തന്നെ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍. പതിനായിരക്കണക്കിന് പേര്‍ക്കാണ് ഇതിനകം തന്നെ ഈ ആരാധക സംഘടന വഴി സഹായം ലഭിച്ചിരിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകളെ താരങ്ങളുടെ സിനിമാ പ്രമോഷനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ കണ്ണ് തുറന്ന് കാണേണ്ട കാഴ്ചയാണിത്. പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്തെ വിജയ് ഫാന്‍സുകാരാണ് ആദ്യമായി സഹായഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത്. വിജയ്‌യുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷ്യസാധനങ്ങളും ബോട്ടുമായി പ്രളയബാധിത പ്രദേശത്ത് വോളന്റിയര്‍മാരായി സേവനമനുഷ്ഠിക്കുന്നത്. വെറും താരാരാധനക്കും അപ്പുറം പൊതുജനങ്ങൾക്ക് ഉപകാരപ്രദം ആകുന്ന സംഘടനയായി വിജയ് ഫാൻസ് അസോസിയേഷൻ മാറുകയാണ്. സ്വന്തമായി ഫ്ലാഗ് ഉള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷൻ കൂടിയാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍.