ജോഷിക്കായി വീണ്ടും ഒരു ’20 – 20′ മോഡൽ !! മലയാള സിനിമാ ലോകം ഒന്നടങ്കം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ട്രെയിലർ ലോഞ്ച് നാളെ !! #പൊറിഞ്ചുമറിയംജോസ്

മലയാള സിനിമയിൽ വീണ്ടും ഒരു 20 – 20 മോഡൽ. മലയാളത്തിലെ സൂപ്പർ – മെഗാ താരങ്ങൾ യുവതാരങ്ങൾ എന്നിങ്ങനെ എല്ലാവരും ഒന്നിച്ച് ജോഷി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുന്നു. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 7 മണിക്ക് പൊറിഞ്ചു മറിയം ജോസ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ മലയാളികളുടെ സ്വന്തം ലാലേട്ടൻ ലുലു മാളിൽ വച്ചു റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ നമ്മുടെ സ്വന്തം മമ്മുക്കയും പിന്നെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ്, ദിലീപ്, ജയറാം, ബിജുമേനോൻ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ആസിഫ് അലി, ദുൽഖർ സൽമാൻ, നിവിൻ പോളി, മുരളിഗോപി, വിനയ് ഫോർട്ട്, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, അനൂപ് മേനോൻ, അജു വർഗീസ്, ദിലീഷ് പോത്തൻ, ആന്റണി വർഗീസ്, ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, അനുസിത്താര, രജീഷ വിജയൻ, ആത്മീയ, ഐശ്വര്യലക്ഷ്മി, ഹണിറോസ്, മഞ്ജുവാരിയർ, നിമിഷ സജയൻ, മിയ ജോർജ് എന്നിവർ അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് റിലീസ് ചെയ്യുന്നു. മലയാളസിനിമ സാക്ഷ്യംവഹിച്ചത് വെച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ട ട്രെയിലർ ലോഞ്ചിങ് ആണ് കാണുവാൻ പോകുന്നത്. ഈ വരുന്ന ആഗസ്റ്റ് 15-ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ‘പൊറിഞ്ചു മറിയം ജോസ്’.

ഹിറ്റ്‌ മേക്കർ ജോഷി ശക്തമായ ഒരു തിരിച്ചുവരവിനു കളം ഒരുക്കുമെന്ന പ്രതീക്ഷയിൽ പുറത്തുവരുന്ന ഈ ചിത്രത്തിൽ പൊറിഞ്ചു അഥവാ കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ്ജ്, മറിയം അഥവാ ആലപ്പാട്ട് മറിയം ആയി, നൈല ഉഷ,  ജോസ് അഥവാ പുത്തൻപ്പള്ളി ജോസ് ആയി ചെമ്പൻ വിനോദ് എന്നിവർ എത്തുന്നു. ഈ മൂന്നു കഥാപാത്രങ്ങളെയും നല്ല കട്ട കലിപ്പിലാണ് മോഷൻ പോസ്റ്ററിലൂടെ അവതരിപ്പിച്ചത്. ജോസഫ് എന്ന ചിത്രത്തിലൂടെ 2018ലെ മികച്ച രണ്ടാമത്തെ നടനുള്ള ഉള്ള സംസ്ഥാന പുരസ്കാരവും ജനപ്രീതിയും നേടിയ ജോജുവും, ഈ മ യൗ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അന്തരാഷ്ട്ര ചലച്ചിത്ര മേള പുരസ്കാരം വരെ നേടിയെടുത്ത ചെമ്പൻ വിനോദും ഒന്നിക്കുന്നു എന്ന പ്രധാന സവിശേഷതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. എന്നിരുന്നാലും മലയാളസിനിമയിലെ പരിചയസമ്പന്നനായ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി ചിത്രം എന്നത് തന്നെയാണ് പ്രേക്ഷകർ ഉറ്റുനോക്കുക. 

കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ, അജയ് ഡേവിഡ് കാച്ചപ്പിള്ളി  ഛായാഗ്രാഹണവും സംഗീതം ജേക്സ് ബിജോയും ഒരുക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ. ചാന്ദ് വി ക്രിയേഷൻസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാനൊരുങ്ങുന്നത്.