“മമ്മൂട്ടി.. ഞാൻ പറയുന്നു.. നിങ്ങൾ ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല..” : മമ്മൂട്ടിയോട് അന്ന് തിലകൻ പറഞ്ഞ വാക്കുകൾ !

മലയാള സിനിമയുടെ അഭിനയകുലപതിയാണ് നടൻ തിലകൻ.ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടൻമാരിൽ ഒരാൾ.നാടകരംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979ൽ പുറത്തിറങ്ങിയ ഉൾക്കടൽഎന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.പപിന്നീട് യവനിക, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, മൂന്നാംപക്കം, സന്ദേശം, കിരീടം, ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങി തിലകൻ അനശ്വരമാക്കിയ സിനിമകൾ ഒട്ടനവധിയാണ്.തന്റെ അഭിനയസിദ്ധി തെളിയിക്കുന്ന എത്രയോ മികവുറ്റ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്താണ് അദ്ദേഹം 2012 സെപ്റ്റംബർ 24-അം തീയതി നാം ഏവരെയും വിട്ടുപിരിഞ്ഞത്. ഈ മഹാനടൻ ഒരിക്കൽ മലയാളത്തിന്റെ നിത്യ വിസ്മയമായ മറ്റൊരു മഹാ നടൻ മമ്മൂട്ടിയെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി. മമ്മൂട്ടിക്ക് ഒരുകാലത്ത് സിനിമകൾ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം പോലും ചോർന്നു പോകുന്ന സമയത്ത് തിലകൻ മമ്മൂട്ടിയുടെ മുഖത്തുനോക്കി പറഞ്ഞ വാക്കുകൾ പിന്നീട് കാലം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുകയും ചെയ്തു.മമ്മൂട്ടി.. നിങ്ങൾ ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല.. എന്ന് മമ്മൂട്ടിയോട് തിലകൻ അന്ന് പറഞ്ഞു. തിലകൻ മമ്മൂട്ടിയോട് അങ്ങനെ പറയാൻ ഉണ്ടായ അന്നത്തെ സാഹചര്യവും, എന്താണ് അന്ന് പറഞ്ഞത് എന്നും തിലകൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തിലകൻ പറഞ്ഞത്..

“ഒരുകാലത്ത് മമ്മൂട്ടിക്ക് പടം ഇല്ലാതെ വന്ന ഒരു സമയമുണ്ട്. അതായത് തനിയാവർത്തനം ത്തിനും ന്യൂഡൽഹി ക്കും തൊട്ടുമുൻപ്. അന്ന് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും കൂടി ഒന്നിച്ച് ഒരു സിനിമ ചെയ്യുന്ന സമയത്ത്, ഒരു പ്രൊഡക്ഷൻ ബോയ് എനിക്ക് ഒരു ചായ കൊണ്ടുവന്ന് തരുന്നു. ഞാൻ ആ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി പറയുന്നു. “ഡാ ഞാനും ഇതിൽ പെട്ട ഒരു നടനാണ്.. കേട്ടോ.. നമുക്ക് ഓടി ഒരു ചായ താടാ..” എന്ന് പറഞ്ഞു അപ്പോൾ ഞാൻ മമ്മൂട്ടിയെ കുറ്റപ്പെടുത്തി : “ശ്ശെ, എന്താണ് അയാളോട് അങ്ങനെ പറഞ്ഞത്?” മമ്മൂട്ടി പറഞ്ഞു : “തിലകൻ ചേട്ടാ ഇവനൊന്നും നമ്മളെ മൈൻഡ് ചെയ്യില്ല കാരണം എനിക്ക് പടമില്ല”.

ഉടനെ അയാൾ പറഞ്ഞത് ‘സാർ എന്നോട് പറഞ്ഞില്ല അതുകൊണ്ടാണ്’ എന്ന്. എന്നിട്ട് അയാൾ ഉടനെ മമ്മൂട്ടിക്ക് ചായ കൊണ്ടുവന്നു കൊടുത്തു. പിന്നീട് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു, “നിങ്ങൾ അങ്ങനെ പറയുന്നത് ശരിയല്ല. ഞാൻ പറയുന്നു നിങ്ങൾ ഇല്ലാതെ ഒരു പത്തു വർഷമെങ്കിലും മലയാള സിനിമ മുന്നോട്ടു പോകില്ല”. ആ പറഞ്ഞതിന്റെ അടുത്ത ആഴ്ചയിലാണ് ഞാൻ ലോഹിതദാസിനെ മലയാള സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. സിബി മലയിലിന് വേണ്ടി. അദ്ദേഹത്തിന് ലോഹിയുടെ ‘തനിയാവർത്തനം’ എന്ന കഥയാണ് ഇഷ്ടപ്പെട്ടത്.

ആ കഥ വായിച്ചതിനുശേഷം എന്നെ വിളിച്ചു ചോദിക്കുന്നു. ‘ഇതിൽ അധ്യാപകന്റെ വേഷം ചെയ്യാൻ പറ്റിയ ഒരു നടനെ പറയാമോ?’ എന്ന് സിനിമയിൽ ആണ് ചോദിച്ചത്. ഞാൻ ഒരു സംശയവുമില്ലാതെ പറഞ്ഞു “മമ്മൂട്ടി” എന്ന്. ഇത് കേട്ട് അവർ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞത് ‘ഞങ്ങളുടെ മനസ്സിലും മമ്മൂട്ടി തന്നെയാണ്’ എന്നാണ്. വെറുതെ ഒന്ന് ചോദിച്ചു : ‘മോഹൻലാൽ ആണെങ്കിൽ എങ്ങനെയിരിക്കും’ ഞാൻ പറഞ്ഞു “സ്റ്റുഡന്റ് ആയിരിക്കും” എന്ന്. കാരണം അന്ന് മോഹൻലാലിന്റെ രൂപം അതായിരുന്നു. ഒരു അധ്യാപകൻ രൂപം കിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് മമ്മൂട്ടി ആ വേഷം ചെയ്യുന്നത്. അത് വളരെ മനോഹരമായി മമ്മൂട്ടി ചെയ്തു. അതേവർഷം തന്നെയാണ് ‘മതിലുകൾ’ എന്ന സിനിമ അദ്ദേഹം ചെയ്തത് ഞാനുമുണ്ട് മതിലുകളിൽ.

ഈ രണ്ടു പടവും ഇറങ്ങിയതിനു ശേഷം മമ്മൂട്ടി എന്നോട് ചോദിച്ചു : “ചേട്ടാ മതിലുകൾ കണ്ടോ?” ഞാൻ പറഞ്ഞു : “മതിലുകളും കണ്ടു. തനിയാവർത്തനവും കണ്ടു.” “എങ്ങനെയുണ്ട്?” “നിങ്ങൾക്ക് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഉറപ്പാണ്.” അപ്പോൾ മമ്മൂട്ടി തന്ന ഉത്തരം “ഏയ്‌ സ്റ്റേറ്റ് അവാർഡ് ചിലപ്പോൾ കിട്ടുമായിരിക്കും. പക്ഷേ നാഷണൽ അവാർഡ് കിട്ടില്ല.” “രണ്ടും കിട്ടും” 5000 രൂപ ബെറ്റ് വയ്ക്കാൻ പറഞ്ഞു. അങ്ങനെ 5000 രൂപ ബെറ്റ് വെച്ചിട്ടുണ്ട് മമ്മൂട്ടി. അങ്ങനെ മമ്മൂട്ടിക്ക് ഞാൻ പറഞ്ഞതുപോലെ അവാർഡുകൾ കിട്ടുകയും ചെയ്തു. ഇതുവരെ മമ്മൂട്ടി ബെറ്റ് വച്ച ആ പൈസ എനിക്ക് തന്നിട്ടില്ല.” : തിലകൻ പറയുന്നു.

(10 വർഷങ്ങൾക്ക് മുൻപ് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ തിലകൻ മമ്മൂട്ടിയെ കുറിച്ചുള്ള ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.)