കനത്ത മഴയിലും മധുരം ചോരാതെ തണ്ണീർമത്തൻ ദിനങ്ങൾ; മറികടന്നത് ലൂസിഫറിന്റെ റെക്കോർഡ്

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പരുങ്ങലിൽ ആണ് മലയാള സിനിമ വ്യവസായം. മലബാർ മേഖലയിലെ തിയേറ്ററുകൾ എല്ലാം തന്നെ വലിയ നഷ്ടമാണ് അനുഭവിക്കുന്നത്. മികച്ച അഭിപ്രായം നേടി കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ പോലും വേണ്ടത്ര കളക്ഷൻ നേടാൻ പറ്റാത്ത അവസ്ഥയിലാണ്. എങ്കിലും ഈ പ്രതിസന്ധി തെല്ലും ബാധിക്കാതെ മുന്നേറുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം 10 കോടിക്ക് മുകളിൽ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്തു 17 ദിവസങ്ങൾക്കുള്ളിൽ ഏരീസ് പ്ലക്സിൽ നിന്നും ചിത്രം വാരിക്കൂട്ടിയത് 50 ലക്ഷത്തിന് മുകളിൽ ആണ്. നേരത്തെ ലൂസിഫർ തീർത്ത റെക്കോർഡ് ആണ് അതിലും കുറവ് ദിവസങ്ങൾ കൊണ്ട് തണ്ണീർമത്തൻ ദിനങ്ങൾ പിടിച്ചെടുത്തത്.

വലിയ താരനിര ഒന്നും ഇല്ലാതെ വന്ന കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ.ഡി. ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജോമോൻ ടി ജോൺ ആണ്. പ്ലസ്ടു കാലത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എല്ലാവർക്കും അവരവരുടെ ജീവിതവുമായി കോർത്തെടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള തിരക്കഥ ആണ് ചിത്രത്തിന്റേത് എന്നതാണ് ചിത്രത്തെ ഇത്രമേൽ സ്വീകാര്യം ആക്കുന്നത്.

കനത്ത മഴയിലും ചിത്രത്തിന്റെ മികച്ച പ്രദർശനം തുടരുന്നത് ചിത്രത്തെ എത്തരത്തിൽ ആണ് മലയാളി പ്രേക്ഷക സമൂഹം ഏറ്റെടുത്തത് എന്നതിന്റെ ഉദാഹരണമാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അനശ്വര രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനും രസകരമായ ഒരു ഒരു കഥാപാത്രത്തിലൂടെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.