കൈകൾ ഇറുക്കിപ്പിടിച്ച് കാലുകളെല്ലാം ബലംപിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാൻ തുടങ്ങിയത്.. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു.. ; ‘മികച്ച നടൻ’ സൗബിൻ പറയുന്നു..

മലയാള സിനിമയിലെ അഭിനേതാക്കളിൽ ഇന്നേറ്റവും ശോഭിക്കുന്ന മുഖമാണ് സൗബിൻ ഷാഹിർ. പോയ വർഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അടക്കം കരസ്ഥമാക്കിയ സൗബിൻ ഷാഹിർ എന്ന നടന്റെ അഭിനയ പാടവം മലയാളികൾക്കേവർക്കും വിസ്മയം നൽകുകയാണ്. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി സൗബിൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ഏറ്റവും പുതിയ സൗബിൻ ഷാഹിർ ചിത്രം ‘അമ്പിളി’ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഞാൻ ജാക്സൺ അല്ലടാ എന്ന, അമ്പിളിയുടെ പാട്ട് കുട്ടികളും മുതിർന്നവരും ഒരുപോലെ ഏറ്റെടുത്തു.. അതുപോലെ ആരാധിക എന്നു തുടങ്ങുന്ന മനോഹരഗാനം ഇന്ന് ഏവർക്കും പ്രിയപ്പെട്ടതാണ്. സൗബിൻ ഷാഹിർ മലയാളസിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന താരമായി മാറുകയാണ്. ‘വൈറസ്’, :കുമ്പളങ്ങി നൈറ്റ്സ്’ എന്നിവയുടെ വിജയത്തിനു പിന്നാലെ അമ്പിളിയും പ്രേക്ഷക ശ്രദ്ധനേടുന്ന ഈ സാഹചര്യത്തിൽ, തുടർ വിജയങ്ങളുടെ വിശേഷങ്ങൾ സൗബിൻ ഷാഹിർ പങ്കുവെക്കുന്നു.

സൗബിനുമായി അഭിമുഖം..

*അമ്പിളി എന്ന സിനിമയും അതിലെ കഥാപാത്രവും സൗബിൻ എന്ന നടൻ എങ്ങനെയാണ് സ്വീകരിച്ചത്?

അമ്പിളി എന്ന കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ ഞാൻ ഇതുവരെ ചെയ്തതിൽനിന്ന് വളരെ വ്യത്യസ്തമാണെന്ന് തോന്നിയിരുന്നു. സുഖമില്ലാത്ത ഒരാൾ… എന്നാൽ അതേസമയംതന്നെ ബുദ്ധിയുള്ള ഒരാൾ. ഈ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അത്തരം ബുദ്ധിമുട്ടുള്ള കഥാപാത്രത്തെ എന്നെ വിശ്വസിച്ചേൽപ്പിച്ചവരോടാണ് ആദ്യം നന്ദി പറയേണ്ടത്. അവർ തന്നപ്പോൾ ആ കഥാപാത്രത്തെ പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചുവെന്നാണ് വിശ്വാസം.

*അമ്പിളി എന്ന കഥാപാത്രത്തിന്റെ ശാരീരികമായ ചലനങ്ങൾ എങ്ങനെയാണ് ഇത്ര ഭംഗിയായി ചെയ്തത്?

കഥാപാത്രത്തിനുവേണ്ടി വലിയ ഒരുക്കങ്ങളൊന്നും ഞാൻ നടത്തിയിരുന്നില്ല. ചെയ്തുനോക്കിയാൽ കിട്ടുന്ന ഒന്നായിരിക്കില്ല ആ കഥാപാത്രമെന്നും ഉറപ്പായിരുന്നു. നമുക്ക് ഷൂട്ട് ചെയ്ത് മുന്നോട്ടുപോകാം എന്നാണ് ഞാൻ സംവിധായകൻ ജോൺപോൾ ജോർജിനോട് പറഞ്ഞത്. വളരെ ബലംപിടിച്ചാണ് അമ്പിളിയുടെ നടപ്പെല്ലാം ഞാൻ ചെയ്തുതുടങ്ങിയത്. കൈകൾ ഇറുക്കിപ്പിടിച്ച് കാലുകളെല്ലാം ബലംപിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാൻ തുടങ്ങിയത്. കുറേനേരം അങ്ങനെ ചെയ്തപ്പോൾ ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. ഇതിനിടയിൽ ഷൂട്ടിങ്ങിൽ ഒരു ഗ്യാപ്പും വന്നു. ഒരിടവേള കഴിഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങുമ്പോൾ കഥാപാത്രമാകാൻ പിന്നെയും കുറെ ശാരീരികവേദനകൾ അനുഭവിക്കേണ്ടി വന്നിരുന്നു. ഒടുവിൽ അമ്പിളിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ വേദന സഹിക്കാനാകാതെ ഉഴിച്ചിൽ നടത്തേണ്ട അവസ്ഥവരെയുണ്ടായി.

*അമ്പിളിയുടെ ഓഡിയോ ലോഞ്ചിനിടെ നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത് താൻ അതിൽ പങ്കെടുത്തത് സൗബിന്റെ ഡാൻസ് കാണാനായി മാത്രമായിരുന്നെന്നാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിങ്ങൾ നേടിയ ജനപ്രിയതയുടെ കാരണം എന്താണ്?

സത്യം പറഞ്ഞാൽ എനിക്കും അത് ഇതുവരെ മനസ്സിലായിട്ടില്ല. പ്രേക്ഷകരെ രസിപ്പിക്കാനും ചിരിപ്പിക്കാനുമായി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. പ്രേക്ഷകരുടെ സ്നേഹമാണ് അവർ കൈയടിയിലൂടെ പ്രകടിപ്പിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. അവരുടെ കൈയടിയും സ്നേഹവും ലഭിക്കുന്നത് എന്റെ ഭാഗ്യം. പിന്നെ, കഥാപാത്രമായി സന്ദർഭത്തിനൊത്ത് സ്വാഭാവികമായി പെരുമാറാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ടേക്ക് കഴിഞ്ഞാൽ ഞാൻ മോണിറ്ററിൽ പോയി നോക്കാറില്ല. കാരണം അങ്ങനെ ചെയ്യുമ്പോൾ ടെൻഷൻ കൂടുകയേയുള്ളൂ. സ്വാഭാവികമായി വരുന്ന ആക്ഷനെ ബാധിക്കേണ്ട എന്ന് കരുതി മോണിറ്ററിന് മുന്നിലേക്ക് പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.

*ഫഹദ് ഫാസിലിനൊപ്പം എത്രയോ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച ആളാണ് സൗബിൻ. നിങ്ങൾ തമ്മിൽ മികച്ചൊരു കെമിസ്ട്രി ഉണ്ടാകുന്നത് എങ്ങനെയാണ്?

ഞങ്ങൾക്കിടയിൽ ചെറുപ്പം മുതൽക്കേ വലിയ അടുപ്പമുണ്ടായിരുന്നു. അതിന്റെ കംഫർട്ട് ഒരുമിച്ച് അഭിനയിക്കുമ്പോഴും കിട്ടുന്നത് സ്വാഭാവികമാണ്. നമ്മളെ സപ്പോർട്ട് ചെയ്ത് സമ്മർദമില്ലാതെ അഭിനയിപ്പിക്കാൻ ഫഹദിന് എപ്പോഴും കഴിയാറുണ്ട്. അന്നയും റസൂലും എന്ന സിനിമയിലെ റസൂലും കോളിൻസും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും ക്രിസ്പിനുമൊക്കെ ഇത്ര ഭംഗിയായിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്കിടയിലെ കെമിസ്ട്രിയുടെ ഭാഗ്യമാണ്.

*ഒരു ക്യാരക്ടർ ജനപ്രിയമാകുമ്പോൾ അതേ ശൈലിയിലുള്ള കഥാപാത്രത്തെ വീണ്ടും സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലല്ലേ?

അന്നയും റസൂലും എന്ന സിനിമ കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ച ഓഫറുകളെല്ലാം ഫോർട്ട് കൊച്ചി സ്ലാങ് പറഞ്ഞ് ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ‘ഡോണ്ട് ടച്ച് മൈ ബൈക്ക്’ എന്ന് കോളിൻസ് പറയുന്ന രീതിയിൽ ഈ പടത്തിലും ഒരു ഡയലോഗ് ഉണ്ട് എന്നൊക്കെയാണ് റോളിനെക്കുറിച്ച് ചോദിക്കുമ്പോൾ പല സംവിധായകരും മറുപടി തരുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ശ്യാമിനും ദിലീഷ് പോത്തനും ശരീരഭാഷയിലും സംസാരശൈലിയിലും ഫോർട്ട് കൊച്ചിയല്ല ഇടുക്കിയാണ് വേണ്ടത് എന്ന നിർബന്ധമുണ്ടായിരുന്നു. അത് തന്നെയാണ് ആ സിനിമയിൽ വർക്ക് ഔട്ട് ആയത്.

സഹസംവിധായകനായി പ്രവർത്തിച്ച അനുഭവപരിചയം കൊണ്ടായിരിക്കാം, ചെയ്ത എല്ലാ സിനിമയിലും ഒറിജിനലായി റിയാക്ട് ചെയ്യാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇനിയും അങ്ങനെതന്നെയാണ് ആഗ്രഹിക്കുന്നത്. അത് ജനപ്രിയമാകുമെങ്കിൽ അതാകാം പ്രേക്ഷകർക്ക് എന്നോട് ഇഷ്ടം കൂടുന്നത്.

*സൗബിൻ എന്ന നടൻ ഇനി കൂടുതൽ സെലക്ടീവ് ആകണമെന്ന് തോന്നുന്നുണ്ടോ?

പുതിയ സിനിമകളിലേക്കുള്ള വിളികൾ കൂടിയിട്ടുണ്ട്. സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ബഹുമാനത്തിന്റെയും പേരിൽ കുറെ സിനിമകൾ ചെയ്യേണ്ടിവരും. ചില സിനിമകൾ കഥയും ക്യാരക്ടേഴ്സുമൊക്കെ വ്യക്തമായി കേൾക്കാതെ ചെയ്യേണ്ടിവരും. അത്ര മാത്രം സെലക്ടീവാകാനൊന്നും പറ്റില്ല. നടൻ എന്ന നിലയിൽ ഇപ്പോൾ കിട്ടുന്ന സ്വീകാര്യത കിട്ടുമെന്നൊന്നും വിചാരിച്ച ആളല്ല ഞാൻ. അതുകൊണ്ട് എനിക്ക് കംഫർട്ടബിളായ ആളുകൾക്കൊപ്പം സഹകരിക്കാനാണ് നോക്കുന്നത്.