“ഷക്കീലയും ശോഭനയെപ്പോലെയോ മഞ്ജു വാര്യരെപ്പോലെയോ ഒരു നടിയാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്തത് നമ്മുടെ ജീർണ്ണിച്ച പൊതുബോധം കാരണമാണ്.” : ഷക്കീലയുടെ നിലപാടുകൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി : കുറിപ്പ് വായിക്കാം..

1990കളിൽ  മലയാളം, തമിഴ് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിൽ ഏറെ പ്രശസ്തയായ ഒരു ചലച്ചിത്രനടിയാണ് ഷക്കീല. മാദകവേഷങ്ങളിലൂടെയാണ് ഈ ആന്ധ്രാപ്രദേശുകാരി ശ്രദ്ധിക്കപ്പെടുന്നത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി മലയാളത്തിൽ ഷക്കീല അഭിനയിച്ച  കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. അതിനോടനുബന്ധമായി ഒട്ടേറെ മലയാളം സിനിമകളിൽ ഷക്കീല ഭാഗമായി. കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നു ബി ഗ്രേഡ് ടൈപ്പ് ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും അവർ അഭിനയിച്ചത്. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ഷക്കീല ചെയ്തിട്ടുണ്ട്. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ‘ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു’ എന്ന പേരിൽ ആത്മകഥയുംഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൂർണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്.

ഈയടുത്ത് 24 ചാനൽ നടത്തിയ ഒരു മുഖാമുഖം പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്യാനുള്ള അവതാരകന്റെയും വിസ്താരകയുടെയും ശ്രമങ്ങളെ തന്റെ നിലപാടുകൾ കൊണ്ട് നേരിട്ട് ഏറെ പ്രീതി നേടിയ ഷക്കീലക്ക് പ്രബുദ്ധ കേരളം പിന്തുണയുമായി എത്തുകയാണ്. ഇതേതുടർന്ന് പ്രമുഖ സിനിമ മാധ്യമം സിനിമ പാരഡിസോ ക്ലബ് തയ്യാറാക്കിയ കുറിപ്പ് വായിക്കാം.

സിനിമാ പാരഡീസോ ക്ലബ്‌ കുറിപ്പ് :

ഷക്കീല തെറ്റ് ചെയ്തു, ഷക്കീലയ്ക്ക് സങ്കടമുണ്ടോ എന്നൊക്കെയാണ് അവതാരകന്റെയും ‘വിസ്താരക’യുടെയും ചോദ്യങ്ങൾ.. ഒരു ആണിന്റെ ബ്ലൈൻഡ് പ്രവിലേജിൽ നിന്ന് ഒരൽപം പോലും താഴെയിറങ്ങാതെയാണ് ആ അവതാരകൻ അയാളുടെ ഓരോ ചോദ്യവും അവരോട് ചോദിച്ചത്.ഒരു സവർണ്ണ മേനോൻ സ്ത്രീയെ ‘വിസ്താരക’യായി അവിടെ കൊണ്ടിരുത്തിയത് തന്നെ ഒരു കുല സ്ത്രീ – കുലട എന്ന ദ്വന്ദ്വത്തെ സൃഷ്ടിക്കാൻ വേണ്ടി തന്നെയാണ്.പക്ഷെ ഷക്കീലയെ അപ്പോളജെറ്റിക് ആക്കാനുള്ള ഇവരുടെ ഓരോ ശ്രമവും അമ്പേ പൊട്ടിപ്പൊളിയുന്നുണ്ട്. ഷക്കീലയിൽ ഗിൽറ്റ് ഉണ്ടാക്കാനും അവരെ അപ്പോളജെറ്റിക് ആക്കാനും ഇരുവരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷെ പരിപാടിയിൽ ദൃശ്യമാവുന്നത് ഒരു അഭിമാന ബോധമുള്ള സത്യസന്ധയായ ഒരു സ്വതന്ത്ര സ്ത്രീയും അവരുടെ മുൻപിൽ കിടന്നു ഞൊളയ്ക്കുന്ന രണ്ടു കൃമി പോലത്തെ മനുഷ്യരെയുമാണ്.

ഷക്കീല സിനിമകൾ ഒരിക്കലും ഇവർ പറയുന്നപോലെ കണ്ണടച്ച് എഴുതിത്തള്ളേണ്ടുന്ന സിനിമകളല്ല. സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തിൽ ഷക്കീല സിനിമകൾ ഒരു അനിവാര്യതയായിരുന്നു.അതുകൊണ്ടു തന്നെയാണ് അത് വൻ രീതിയിൽ സ്വീകരിക്കപ്പെട്ടതും.സൂപ്പർ മെഗാ സ്റ്റാറുകൾക്കില്ലാത്ത മാർക്കറ്റ് അവയ്ക്ക് ഉണ്ടായതും. മലയാളി മെയിൽ ഫ്രഷ്‌ട്രേഷനു വെൻറ്റ് ഔട്ട് ചെയ്യാൻ ഇത്തരം സിനിമകൾ സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്.

സൊ ആ രീതിയിൽ ഷക്കീല സിനിമകൾ സാമൂഹിക പ്രസക്തിയുള്ളതും കൂടിയായിരുന്നു. പക്ഷെ ആ സിനിമകൾ സ്ത്രീ ശരീരത്തിൽ വോയറിസം പ്രോത്സാഹിപ്പിക്കുന്ന, വെറും മാംസ നിബദ്ധ അൺ റിയൽ സെക്ഷ്വൽ ഐഡിയകൾ സമൂഹത്തിനു കൊടുത്തിട്ടുമുണ്ട്. അതിന്റെ ഉത്തരവാദി പൂർണ്ണമായും അതിന്റെയൊക്കെ സംവിധായകനും നിർമ്മാതാവിനുമാണ്. ഷക്കീല ഇമോഷണലി അഭിനയിച്ച എത്രയോ രംഗങ്ങൾ അവരറിയാതെ മുറിച്ചു മാറ്റി ഷക്കീലയെ പറ്റിച്ചത് അവരാണ്.

ഷക്കീല എന്തൊരു സ്ത്രീയാണ്. അഞ്ചു ട്രാൻസ് ജെൻഡർ കുട്ടികൾക്ക് പ്രൊവൈഡ് ചെയ്യുന്ന, അതി ശക്തയായ സ്വതന്ത്ര മനസ്സുള്ള ആരോടും പക സൂക്ഷിക്കാത്ത, ചെയ്തതിലൊക്കെ അഭിമാനബോധം സൂക്ഷിക്കുന്ന, സമൂഹം ആദരിക്കേണ്ടുന്ന ഒരു വ്യക്തിയെ, ഒരു നടിയെ ഇത്ര ചെറുതാക്കി ആരെങ്കിലും കാണുന്നുണ്ട് എങ്കിൽ അതവരുടെ മാത്രം കുഴപ്പമാണ്. ഷക്കീല അപ്പോഴും തലയുയർത്തി തന്നെ നിൽപ്പുണ്ടാവും.

ഷക്കീല ചെയ്തത് ഇന്ത്യയിൽ നിയമ വിധേയമായ ഒരു തൊഴിലാണ്. അതിലെ ചൂഷണമാണ് നിങ്ങളുടെ വിഷയമെങ്കിൽ അത് വേറെ വിഷയമാണ്. ഷക്കീലയും ശോഭനയെപ്പോലെയോ മഞ്ജു വാര്യരെപ്പോലെയോ ഒരു നടിയാണ് എന്ന് മനസ്സിലാക്കാൻ നമുക്ക് പറ്റാത്തത് നമ്മുടെ ജീർണ്ണിച്ച പൊതുബോധം കാരണമാണ്. അതിൽ ഷക്കീലയ്ക്ക് പങ്കില്ല.

ഷക്കീല, ആക്റ്റർ. അത്രയും മതി. മറ്റു നടിമാർക്ക് കൊടുക്കാത്ത ഡെക്കറേഷനുകൾ ഒന്നും ഷക്കീലയ്‌ക്കും കൊടുക്കേണ്ട കാര്യമില്ല.

© RJ Salim | Cinema Paradiso Club