കേരളത്തിൽ വെച്ച് സഹോദരിയെ നഷ്ടപ്പെട്ടു; പ്രതിസന്ധി ഘട്ടത്തിൽ ആ നാടിനെ ചേർത്തുപിടിച്ച് ഇലിസ് സർക്കോണ..

കുറച്ചു നാളുകൾക്ക് മുൻപാണ് കേരളം സന്ദർശിക്കാനെത്തിയ ലാത്വിയൻ യുവതി ലിഗ കൊല്ലപ്പെടുന്നത്. മലയാളികളുടെ മനസ്സിൽ എല്ലാം ഒരു നൊമ്പരമായി മാറിയ സംഭവമായിരുന്നു അത്. തന്റെ സഹോദരി കൊല്ലപ്പെട്ട നാട് ആയിരുന്നിട്ടും ഈ വിഷമഘട്ടത്തിൽ കേരളത്തെ ചേർത്തു പിടിക്കുകയാണ് ലിഗയുടെ സഹോദരി ഇലിസ് സർക്കോണ. പ്രളയം ബാധിച്ച കേരളത്തിനെ കൈപിടിച്ചുയർത്തുന്നതിന് തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവച്ചിരിക്കുകയാണ് ആണ് ഇലിസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇലിസ് സംഭാവന നടത്തിയത്. കൂടാതെ തന്റെ എല്ലാ പ്രാർത്ഥനകളും കേരളത്തിനൊപ്പം ഉണ്ടാകും എന്നും അറിയിച്ചു കൊണ്ട് ഒരു വീഡിയോ സന്ദേശവും ഇലിസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വെളിവാക്കിയത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.