‘നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു’ : നൗഷാദിനെക്കുറിച്ച് നടൻ സിദ്ദിഖ് !

കേരളം വീണ്ടും പ്രളയകാലത്തെ ഒറ്റകെട്ടായി നേരിടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വില്‍ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ ദാനം ചെയ്ത സാധാരണക്കാരനായ കച്ചവടക്കാരൻ നൗഷാദ് മലയാളി മനസുകളെ നന്മയുടെ പുതിയ പാഠം പഠിപ്പിക്കുകയാണ്. ക്യാമ്പുകളിലേക്ക് വേണ്ട സാധന സാമഗ്രികൾ അന്വേഷിച്ചു വന്ന ദുരിതാശ്വാസ പ്രവര്‍ത്തകരെ തന്റെ വസ്ത്ര ശാലയിലേക്ക് കൂട്ടികൊണ്ടുപോയി പ്രതീക്ഷകൾക്കുമപ്പുറം വാരിക്കോരി വസ്ത്രങ്ങൾ ചാക്കുകളിലാക്കി നൽകിയ നൗഷാദിന്റെ മനോഭാവം കണ്ടു ഈ പ്രവർത്തകരുടെ മനസ്സും, കണ്ണുകൾ പോലും നിറഞ്ഞു. സഹായം ചോദിച്ച് വന്നവർക്ക് ബ്രോഡ്വെയിലുള്ള സ്വന്തം ഷോപ്പിൽ നിന്നും ലാഭമോ കണക്കോ ഒന്നും നോക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നൗഷാദ് ഇക്ക എന്ന നന്മ പടരുകയാണ്. ഒട്ടേറെ പേരാണ് നൗഷാദിന് അഭിനന്ദനങ്ങൾ ചൊരിയുന്നത്. അക്കൂട്ടത്തിൽ നൗഷാദിനെ പ്രശംസിച്ച് നടൻ സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാണ്.

സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ :

ഈ മനുഷ്യൻ നൗഷാദ്

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ.” എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു

സ്നേഹം.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും