“ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ബ്രഹ്മാണ്ഡ ട്രെയിലർ” !! വിഷ്വൽ മേക്കിങ് കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും വിസ്മയിപ്പിച്ച് പ്രഭാസിന്റെ ‘സാഹോ’ ട്രെയിലർ യൂട്യൂബിൽ !! #Trending

ഇന്ത്യൻ ബോക്സ്‌ ഓഫീസ് തൂത്തുവാരിയ ബാഹുബലി സീരീസിന് ശേഷം ഇന്ത്യൻ സിനിമയിൽ വിസ്മയം തീർക്കാൻ വീണ്ടും പ്രഭാസ്. ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്ന ലോകോത്തര നിലവാരത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ മേക്കിങ് കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും തരംഗമായി പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’യുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. പ്രഭാസ് നായകനാകുന്ന ഈ ബഹുഭാഷാ ചിത്രം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ് എന്ന് ട്രെയിലർ പ്രേക്ഷകർക്ക് കാണിച്ചുതരുന്നു.  പ്രഭാസിന്റെ മാസ് പ്രകടനവും ഡയലോഗുകളുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ബോളിവുഡ് നടി ശ്രദ്ധ കപൂറും നായികാ സാന്നിധ്യമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ട്രെയിലറുകളാണ് യൂട്യൂബിൽ ഇന്നലെ റിലീസ് ചെയ്തത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം എന്ന സവിശേഷതയിലാണ് പ്രഭാസിന്റെ സാഹോ വരുന്നത്. ബാഹുബലിയുടെ 2 മെഗാ ബ്ലോക്ക് ബസ്റ്റർ ഭാഗങ്ങൾക്ക് ശേഷം 2 വര്‍ഷം കഴിഞ്ഞാണ് പ്രഭാസിന്റെ ഒരു ചലച്ചിത്രം റിലീസിനൊരുങ്ങുന്നത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ബഡ്ജറ്റ് ഉള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സ് ആണ് സാഹോയുടെ ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ഈ ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. യു.വി ക്രിയേഷൻസിന്റ  ബാനറിൽ വംശി – പ്രമോദ് എന്നിവരാണ് ഈ ബിഗ്ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ജാക്കി ഷ്രോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളസിനിമയിൽ നിന്ന് നടൻ ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  ഒരു കംപ്ലീറ്റ് ആക്ഷന്‍ത്രില്ലറായ ചിത്രം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അതുപോലെതന്നെ സാഹോയുടെ അണിയറപ്രവർത്തകരും. ഈ വരുന്ന ഓഗസ്റ്റ് 30–ന് സാഹോ മലയാളം – തമിഴ് -തെലുങ്ക് – ഹിന്ദി ഭാഷകളിൽ ലോകവ്യാപകമായി റെക്കോർഡ് സ്ക്രീനുകളിൽ റിലീസ് ചെയ്യും.