മോഹൻലാലിനൊപ്പം ബോക്സ്‌ ഓഫീസ് പോരാട്ടത്തിൽ ഏറ്റുമുട്ടാൻ പൃഥ്വിരാജും ടോവിനോയും നിവിനും !! ഓണം ഫെസ്റ്റിവൽ റിലീസ് ചിത്രങ്ങൾ ഇതാ..

മോളിവുഡിൽ, സിനിമാ പ്രേക്ഷകർക്ക് ഉഗ്രൻ വിരുന്നൊരുക്കി സൂപ്പർതാര – യുവതാര ചിത്രങ്ങളുൾക്കൊണ്ട ഓണം ഫെസ്റ്റിവൽ റിലീസുകൾക്ക് വഴിയൊരുങ്ങുന്നു. സൂപ്പർസ്റ്റാർ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, ടോവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളാണ് ഈ വർഷം ഫെസ്റ്റിവൽ റിലീസുകളായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുവാൻ പോകുന്നത്. ആരാധകരും ഏറെ ആവേശത്തിലാണ്. എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമാകുന്ന ചിത്രങ്ങളാണ് ഇപ്പ്രാവശ്യം ഫെസ്റ്റിവൽ റിലീസ് ആയി തിയറ്ററുകളിൽ എത്തുന്നത്. കോമഡിയും, ആക്ഷനും, റൊമാന്റിക് ലവ് സ്റ്റോറിയും, റോഡ് മൂവിയും എല്ലാം ചേർന്ന സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഏതായാലും മോഹൻലാൽ ചിത്രവും യുവതാര ചിത്രങ്ങളും ഏറ്റുമുട്ടുന്ന ഈ ഫെസ്റ്റിവൽ ബോക്സ്‌ ഓഫീസ് പോരാട്ടം തീപാറുമെന്നാണ് വിലയിരുത്തുന്നത്.

മോഹൻലാലിന്റെ ‘ഇട്ടിമാണി : മെയ്ഡ് ഇൻ ചൈന’, ഒരു ഫൺ ഫിൽഡ് കോമഡി ആക്ഷൻ എന്റർടെയ്‌നർ എന്ന് വിശേഷണം നൽകാവുന്ന ചിത്രമാണ്. ജിബി – ജോജു കൂട്ടുകെട്ടാണ് സംവിധാനം. കേരളത്തിലും ചൈനയിലുമായി ചിത്രീകരിച്ച ഈ മോഹൻലാൽ ചിത്രം ഓണം റിലീസ് ആയിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. മോഹൻലാലിന്റെ ഇതിന് മുൻപത്തെ ചിത്രമായ ലൂസിഫർ വൻ ബോക്സ്‌ ഓഫീസ് വിജയമായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഒരു വലിയ വിജയചിത്രം ആയിരിക്കും ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നാണ് പ്രതീക്ഷകൾ.

ലൂസിഫറിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സിനിമാഭിനയത്തിൽ സജീവമാകുകയാണ്. പൃഥ്വിരാജ് നായകനാവുന്ന ‘ബ്രദേഴ്സ്’ ഡേ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നടൻ കലാഭവൻ ഷാജോൺ സംവിധായകൻ ആയി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലെക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ, പ്രയാഗ മാർട്ടിൻ എന്നീ നാല് നായിക നടിമാർ പൃഥ്വിരാജിനൊപ്പം അണിനിരക്കും.

യുവതാരം നിവിൻ പോളിയും ഓണം റിലീസ് ചിത്രവുമായി വരികയാണ്. ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് സിനിമയുടെ പേര്. നയൻ‌താരയാണ് നിവിന്റെ നായിക. ധ്യാൻ ശ്രീനിവാസൻ ഈ സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന സിനിമ കൂടിയാണ് നിവിൻ പൊളി ചിത്രമായ ‘ലവ് ആക്ഷൻ ഡ്രാമ’.

ടോവിനോ തോമസ് ‘കൽക്കി’, ‘കിലോമീറ്റർസ് & കിലോമീറ്റർസ്’ എന്നീ രണ്ടു സിനിമകളുമായാണ് വരുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ റിലീസുകൾ ഉണ്ടായിരുന്ന നടൻ കൂടിയാണ് ടോവിനോ. കൽക്കി ഒരു പോലീസ് ആക്ഷൻ സ്റ്റോറിയാണ് അതേസമയം, ഒരു റോഡ് മൂവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കിലോമീറ്റർസ് & കിലോമീറ്റർസ് എന്ന ചിത്രം ടോവിനോ തന്നെയാണ് നിർമ്മിക്കുന്നതും. ഓണം റിലീസ് ആയി ഈ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ.