“ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്” :- അന്തരിച്ച നടൻ, മിമിക്രി കലാകാരൻ അബിയുമായുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് നൗഷാദ്..

പ്രളയ ദുരിതത്തിലും മഴക്കെടുതിയിലും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദാണ് മലയാളികൾക്കിപ്പോൾ നൻമയുടെ മുഖം. ഇതേ മുഖത്ത് മറ്റൊരു മുഖ സാദൃശ്യം കൂടി കണ്ടെത്തുകയാണ് മലയാളികൾ. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെ താരരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം പലരും ചർച്ച ചെയ്യുന്നത്. നൗഷാദിനെ വീഡിയോ ചിത്രങ്ങൾ പങ്കു വെക്കുന്ന ഓരോ പോസ്റ്റുകളും മറ്റും താഴെ നൗഷാദിനെ കാണുമ്പോൾ അബിയെ ഓർമ്മ വരുന്നു എന്ന് കമന്റുകൾ വലിയ ജനശ്രദ്ധ നേടുന്നുണ്ട്. ഏവർക്കും ഒരു പോലെ തോന്നുന്ന ഒരു കാര്യവും ആണ് ഇത്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നൗഷാദും മകളും ലൈവിൽ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾ ആദ്യമായല്ല കേൾക്കുന്നതെന്നാണ് ഇവർ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകൾ ഫർസാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ്, “ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്”.– എന്നു തമാശരൂപേണ പറയുന്നുണ്ട്.

ഫർസാനയും നൗഷാദും ചേർന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്.

നൗഷാദ് ചെയ്ത പ്രവർത്തി ലോക മലയാളികൾക്കിടയിൽ നന്മയുടെ മഹത്വം വിളിച്ചോതിയപ്പോൾ, ‘എല്ലാവരും അറിയണം എന്ന് വിചാരിച്ച് ചെയ്തതല്ല, പക്ഷേ എല്ലാവരും അറിഞ്ഞു പോയി, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാൻ പാടില്ല എന്ന ഇന്ത്യയിൽ വിശ്വസിക്കുന്നവനാണ്’ താനെന്നും നൗഷാദ് പറഞ്ഞിട്ടുണ്ട്. ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ലൈവിൽ നൗഷാദ് പറയുന്നു. ഇതിനോടകം നിരവധി സംഘടനകളും ടെലിവിഷൻ ചാനലുകളും നാട്ടുകാരുമെല്ലാം നൗഷാദിനെ അനുമോദിക്കുകയും സ്വീകരണം നൽകുകയും ചെയ്യുന്നുണ്ട്.