സ്വന്തം നാടായ കേരളം പ്രളയത്തില്‍പ്പെട്ടപ്പോള്‍ എന്ത് സഹായം ചെയ്തുവെന്ന് ആരാധകര്‍? ചെയ്ത കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്നവളല്ല താനെന്ന് നിത്യ മേനോന്‍; വീഡിയോ

പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ നടി നിത്യമേനോന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആരാധകരുടെ പരാതിക്ക് നടിയുടെ തക്ക മറുപടി. ബോളിവുഡ് ചിത്രമായ മിഷന്‍ മംഗലിന്റെ പ്രചരണപരിപാടിയുടെ തിരക്കിനിടെയാണ് താരം ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ താന്‍ സിനിമ പ്രെമോഷന് മാത്രം ഉപയോഗിക്കുന്ന ഒരു ഉപാധിയാണെന്നും, താന്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നിത്യ വീഡിയോയിലൂടെ വ്യക്തമാക്കി.

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ‘കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഞാന്‍ യാതൊന്നും പങ്കുവയ്ക്കുന്നില്ല എന്നാരോപിച്ച് കടുത്ത വിമര്‍ശനമാണ് ഞാന്‍ നേരിടുന്നത്. അതിനാല്‍, കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് എനിക്ക് തോന്നി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നില്ലെന്ന് കരുതി ഒരാള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്. അതു ശരിയല്ല. കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നു വിചാരിക്കരുത്,’ നിത്യ മേനോന്‍ പറഞ്ഞു.