“നമ്മുടെ നാട് ഒരു വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണ് അതിനിടയിലാണ് എനിക്ക് അവാർഡ്, പരസ്പരം സഹകരിച്ച് നമുക്ക് പരിഹാരം കണ്ടെത്താം ” :ജോജു ജോർജ് പറയുന്നു

മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ച നടൻ ജോജു ഫേസ്ബുക് ലൈവിലൂടെ തന്റെ പ്രതികരണം അറിയിച്ചു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ആണ് താരം ലൈവ് എത്തിയതെങ്കിലും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഴക്കെടുതിയെക്കുറിച്ചാണ് ആദ്യം പരാമർശിച്ചത്. ഒരുമിച്ചുള്ള കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരുന്നു ജോജുവിന്റ വാക്കുകൾ. മഴയെ തുടർന്ന് കേരളത്തിലെ എയർപോർട്ടുകൾ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയതോടെ ജോജു ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരാൻ കഴിയാതെ അകപ്പെട്ടിരിക്കുകയാണ്. അവാർഡ് സന്തോഷം നൽകുന്നുണ്ടെങ്കിലും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ച് വലിയ ആകുലത പ്രകടിപ്പിച്ച ജോജുവിന്റെ വാക്കുകളെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. ജോജുവിനെ പോലെ അവാർഡ് ലഭിച്ച കേരളത്തിലെ മറ്റുതാരങ്ങൾ ഒന്നും ഇതുവരെയും പ്രതികരണങ്ങൾ ആയി രംഗത്തെത്തിയിട്ടില്ല. മഴക്കെടുതിയിൽ ദുരിതം കേരളം ഒന്നടങ്കം ദുരിതമനുഭവിക്കുമ്പോൾ ഇത്തരത്തിലുള്ള നന്ദി പ്രകടനങ്ങൾക്ക് എന്ത് പ്രസക്തി എന്ന തരത്തിലുള്ള ചോദ്യവും കോണുകളിൽനിന്നും ഉണ്ടാകുന്നുണ്ട്.

ജോജുവിന്റെ വാക്കുകളിൽ നിന്ന്:

‘അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.”നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,’ ജോജു പറഞ്ഞു.