“ഞാൻ അമ്മയുടെ മറ്റൊരു മകൻ” : ലിനുവിന്റെ അമ്മയോട് മോഹൻലാൽ, കുടുംബത്തിന്റെ കടങ്ങളെല്ലാം വീട്ടി വീട് വച്ചുനൽകുമെന്നും ഉറപ്പ് !

മഴക്കെടുതിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മുങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വന ഹസ്തവുമായി മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലും. അദ്ദേഹത്തിന്റെ അച്ഛന്റേയും അമ്മയുടേയും പേരിൽ നടത്തുന്ന ചാരിറ്റി സ്ഥാപനമായ മോഹൻലാൽ വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ അദ്ദേഹം ലിനുവിന്റെ കുടുംബത്തിന് പുതിയ വീട് വെച്ച് നൽകാൻ ഒരുങ്ങുകയാണ്. ഈ വിവരം ലിനുവിന്റെ കുടുംബത്തെ മോഹൻലാൽ നേരിട്ട് അറിയിച്ചിരിക്കുന്നു. അടിയന്തര സഹായമായി ഇപ്പോൾ ഒരു ലക്ഷം രൂപ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മോഹൻലാലിന്റെ സുഹൃത്തും സംവിധായകനുമായ മേജര്‍ രവി ലിനുവിന്റെ അമ്മ പുഷ്പലതയെ ഏൽപ്പിച്ചിട്ടുണ്ട്. കൂടാതെ ലിനുവിന്റെ വീട്ടുബാധ്യതകളും കടങ്ങളും മറ്റും വീട്ടാനുള്ള പണം പുറകെ നൽകും എന്ന് കുടുംബത്തെ മോഹൻലാൽ പറഞ്ഞതനുസരിച്ച് അറിയിച്ചിട്ടുണ്ട്.

ധീര മൃത്യു വരിച്ച ലിനുവിന്റെ അമ്മയ്ക്കായി മോഹൻലാൽ എഴുതിയ കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ആ കത്തിലൂടെ മോഹൻലാൽ എഴുതുന്നത്.. “അമ്മയുടെ മകൻ യാത്രയായത് മൂന്നര കോടി വരുന്ന കേരള ജനതയുടെ മനസ്സിലേക്കാണ്, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള വലിയ മനസ്സും ധീരതയും കാണിച്ച ആളാണ് ലിനു, താനുൾപ്പെടെയുള്ള സമൂഹത്തിനു വേണ്ടിയാണു ലിനു ജീവൻ വെടിഞ്ഞത്, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ മറ്റൊരു മകൻ എഴുതുന്ന സ്നേഹ വാക്കുകൾ ആയി തന്റെ വാക്കുകളെ കാണണം എന്നും മോഹൻലാൽ ലിനുവിന്റെ അമ്മക്ക് എഴുതിയ കത്തിൽ പറയുന്നു.