“മനസ്സ് കൊണ്ടും ശരീരം കൊണ്ടും ശാരീരം കൊണ്ടും എല്ലാംകൊണ്ടും അഭിനയിക്കുന്ന ജഗതി ശ്രീകുമാറാണ് യഥാർത്ഥ കംപ്ലീറ്റ് ആക്ടർ” : എന്ന് ‘മോഹൻലാൽ’ !

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് പറഞ്ഞാൽ ആരാധകർ പറയുന്ന നാമം ‘മോഹൻലാൽ’ എന്നാണ്. എന്നാൽ മോഹൻലാലിനോട് കംപ്ലീറ്റ് ആക്ടർ ആരാണ് എന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്ന പേര് ‘ജഗതി ശ്രീകുമാർ’ എന്നാണ്. മോഹൻലാൽ അവതാരകനായി അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ‘ലാൽസലാം’ എന്നാ അമൃത ചാനൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖ പ്രോഗ്രാമിൽ ഒരു എപ്പിസോഡിൽ മോഹൻലാൽ അഭിനയിച്ച യോദ്ധ എന്ന സിനിമയുടെ ഓർമപുതുക്കൽ ആയിരുന്നു നടന്നത്. അന്ന് വിശിഷ്ട അതിഥിയായി യോദ്ധ ഒരുക്കിയ സംവിധായകൻ സംഗീത് ശിവനും അതിൽ അഭിനയിച്ച നായിക ഉർവ്വശിയും എത്തിയിരുന്നു. ഇരുവരെയും സ്വാഗതം ചെയ്ത് സംസാരിക്കവേ യോദ്ധയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം അരിശുംമൂട്ടിൽ അപ്പുക്കുട്ടനെ അനശ്വരമാക്കി അവതരിപ്പിച്ച ജഗതിശ്രീകുമാറിന്റെ ഇന്നത്തെ വിടവിനെ കുറിച്ച് പരാമർശം വന്നപ്പോൾ മോഹൻലാൽ ഏറെ വൈകാരികമായി അതിനോട് പ്രതികരിച്ചു സംസാരിച്ചു. ഒരുപാട് സിനിമകൾ ജഗതിക്കൊപ്പം അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിയും അഭിനയത്തിന് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തിയ മോഹൻലാൽ ജഗതി ശ്രീകുമാർ എന്ന നടനെ ‘ഒരു കംപ്ലീറ്റ് ആക്ടർ’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

മോഹൻലാൽ പറഞ്ഞ വാക്കുകൾ..

“ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. അദ്ദേഹവുമായുള്ള എന്റെ ഒരുപാട് സിനിമകൾ ഒരു ടോം ആൻഡ് ജെറി പോലെയാണ്. അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ഒരാൾ ആയി ഞാനും അല്ലെങ്കിൽ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ഒരാൾ ആയി അദ്ദേഹവും. അതിൽ പറ്റുന്ന മണ്ടത്തരങ്ങൾ, High Slapstick Humour അല്ലെങ്കിൽ കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ശാരീരം എല്ലാം കൊണ്ടും അഭിനയിക്കുന്ന അദ്ദേഹമാണ് യഥാർത്ഥ കംപ്ലീറ്റ് ആക്ടർ.” : ഏറെ വൈകാരികമായി മോഹൻലാൽ പറഞ്ഞു.