‘തനി ഒരുവൻ’ രണ്ടാം ഭാഗത്തിലൂടെ കോളിവുഡിൽ ആദ്യമായി വില്ലൻ വേഷം ചെയ്യാൻ ‘മെഗാസ്റ്റാർ മമ്മൂട്ടി’ ; ‘High Class Criminal Antagonist’ ആയിരിക്കും എന്ന് മോഹൻരാജാ !

2015-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് ‘തനി ഒരുവൻ’. സംവിധാനം ചെയ്തത് മോഹൻ രാജയാണ്. മോഹൻരാജയും സുഭയും ചേർന്നാണ് ഈ ചിത്രം എഴുതിയത്. എജി‌എസ് എന്റർ‌ടൈൻ‌മെൻറ് നിർമ്മാണ കമ്പനിയുടെ ബാനറിൽ കൽപതി എസ്. അഗോറം, കൽപ്പതി എസ്. ഗണേഷ്, കൽപ്പതി എസ്. സുരേഷ് എന്നിവർ ചേർന്നാണ് തനി ഒരുവൻ നിർമ്മിച്ചത്. നിയമവിരുദ്ധമായി വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങൾ സ്വയലാഭത്തിനായി ഉപയോഗിക്കുന്ന ബുദ്ധിമാനും സമ്പന്നനുമായ ശാസ്ത്രജ്ഞൻ സിദ്ധാർത്ഥ് അഭിമന്യു എന്ന മൾട്ടി നാഷണൽ ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സത്യസന്ധനായ ഐ‌പി‌എസ് ഓഫീസർ മിത്രനെ ചുറ്റിപ്പറ്റി കഥ പറഞ്ഞ ഈ തമിഴ് ചിത്രം ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു. സിദ്ധാർത്ഥ് അഭിമന്യു ആയി അരവിന്ദ് സ്വാമിയും ഐ‌പി‌എസ് ഓഫീസർ മിത്രനായി ജയം രവിയും ഈ ചിത്രത്തിൽ തകർത്താടിയിരുന്നു. ഈ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ഒരുങ്ങുകയാണ് സംവിധായകനായ മോഹൻരാജ.

തനി ഒരുവന് ശേഷം ദളപതി വിജയുമൊത്തുള്ള ഒരു സിനിമ ചെയ്യാൻ മോഹൻരാജ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈയടുത്തിടെ അദ്ദേഹം വ്യക്തമാക്കിയത്, അദ്ദേഹത്തിന്റെ മനസ്സ് പൂർണമായും ‘തനി ഒരുവൻ’ രണ്ടാം ഭാഗത്തിലാണ് എന്നാണ്. തനി ഒരുവൻ രണ്ടാംഭാഗം സ്ക്രിപ്റ്റ് ചെയ്യാനാണ് ഇപ്പോൾ താൻ സമയം ചെലവഴിക്കുന്നതെന്നും ‘തനി ഒരുവൻ’ ആദ്യ ഭാഗത്തേക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം എന്നും മോഹൻരാജ ഉറപ്പുനൽകുന്നു. അതുകൊണ്ട് തന്നെ വിജയ് ചിത്രം വൈകും എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

തനി ഒരുവനിൽ സിദ്ധാർത്ഥ് അഭിമന്യു എന്ന ANTAGONIST റോൾ ചെയ്തത് അരവിന്ദ് സ്വാമിയാണ്. അദ്ദേഹം തമിഴ് സിനിമയിൽ സൃഷ്ടിച്ചു വച്ചിരുന്ന ഒരു സോഫ്റ്റ്‌ ഇമേജിനെ തകർത്ത കരിയർ ബ്രേക്ക് വേഷമായിരുന്നു തനി ഒരുവനിലെ സിദ്ധാർത്ഥ് അഭിമന്യു. ഒരിക്കലും അരവിന്ദ്സ്വാമിയിൽ നിന്ന് തമിഴ് പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തരം ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. തനി ഒരുവൻ രണ്ടാംഭാഗത്തിൽ ആദ്യ ഭാഗത്തേക്കാൾ മികച്ച ഒരു വില്ലൻ ഉണ്ടായിരിക്കും. ആക്ഷൻ കിങ് അർജുൻ ഈ വേഷം കൈകാര്യം ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സംവിധായകൻ മോഹൻരാജ പറയുന്നത് മറ്റൊരു ഓപ്ഷൻ ആണ്. അരവിന്ദ് സ്വാമിയെ പോലെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് കോളിവുഡിൽ ഒരു സോഫ്റ്റ് ഇമേജ് ഉണ്ട്. മലയാളത്തിൽ അദ്ദേഹം ഒരുപാട് നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ തമിഴിൽ അങ്ങനെ ഒരു വില്ലൻ വേഷം ചെയ്തിട്ടില്ല. ഒരു ഹൈക്ലാസ് ക്രിമിനൽ റോൾ ചെയ്യാനുള്ള ഫിറ്റ്നസും സ്റ്റൈലും അദ്ദേഹത്തിനുണ്ട്. ഒരു Megastar Swag ഈ ചിത്രത്തിൽ വന്നാൽ അതൊരു നല്ല ഓപ്ഷൻ ആയിരിക്കും എന്നാണ് കരുതുന്നത്. അത്തരമൊരു നടനിലേക്ക് എത്താൻ വേണ്ടിയുള്ള ശ്രമങ്ങളും സമീപനങ്ങളും നടത്തുമെന്നും മോഹൻരാജ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.