“ജീവിതത്തിലെ നായകൻമാരാണ് യഥാർത്ഥ താരങ്ങൾ” ; നൗഷാദിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് മമ്മൂട്ടിയും ജയസൂര്യയും !

കഴിഞ്ഞ വർഷം വന്നുപോയ പ്രളയകാലത്തിന് ശേഷം വീണ്ടും കേരളം പ്രളയകാലത്തെ ഒറ്റകെട്ടായി നേരിടേണ്ടി വന്ന ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വില്‍ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ ദാനം ചെയ്ത സാധാരണക്കാരനായ കച്ചവടക്കാരൻ നൗഷാദ് മലയാളി മനസുകളെ നന്മയുടെ പുതിയ പാഠം പഠിപ്പിക്കുകയാണ്. ക്യാമ്പുകളിലേക്ക് വേണ്ട സാധന സാമഗ്രികൾ അന്വേഷിച്ചു വന്ന ദുരിതാശ്വാസ പ്രവര്‍ത്തകരെ തന്റെ വസ്ത്ര ശാലയിലേക്ക് കൂട്ടികൊണ്ടുപോയി പ്രതീക്ഷകൾക്കുമപ്പുറം വാരിക്കോരി വസ്ത്രങ്ങൾ ചാക്കുകളിലാക്കി നൽകിയ നൗഷാദിന്റെ മനോഭാവം കണ്ടു ഈ പ്രവർത്തകരുടെ മനസ്സും, കണ്ണുകൾ പോലും നിറഞ്ഞു. സഹായം ചോദിച്ച് വന്നവർക്ക് ബ്രോഡ്വെയിലുള്ള സ്വന്തം ഷോപ്പിൽ നിന്നും ലാഭമോ കണക്കോ ഒന്നും നോക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നൗഷാദ് ഇക്ക എന്ന നന്മ പടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകാനും മടിച്ചുനിൽക്കുന്നവർക്ക് ഒരു പ്രചോദനമാവുകയാണ് നൗഷാദ്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ഏറ്റവും വലിയ ലാഭം എന്നാണ് ഈ പ്രവർത്തി ചെയ്തു അദ്ദേഹം പറഞ്ഞത്. ആ വലിയ മനസ്സിന്റെ നന്മയറിഞ്ഞ് ഒട്ടേറെ പേരാണ് നൗഷാദിന് അഭിനന്ദനങ്ങൾ ചൊരിയുന്നത്. നൗഷാദിന്റെ ഫോണിന് പോലും ഇപ്പോൾ വിശ്രമമില്ല. ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള മലയാളികൾ അദ്ദേഹത്തെ വിളിച്ചു പ്രശംസിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഫോൺ ചാർജ് തീർന്നിട്ടും ചാർജർ കുത്തിത്തിയിട്ടിട്ടൊക്കെയാണ് നൗഷാദ് തന്നെ വിളിക്കുന്നവർക്ക് മറുപടി കൊടുക്കുന്നത്. അക്കൂട്ടത്തിൽ സിനിമയിൽ നിന്നും ഒരുപാട് താരങ്ങൾ അദ്ദേഹത്തെ വിളിച്ചു അഭിനന്ദനം അറിയിച്ചു. മെഗാതാരം മമ്മൂട്ടിയും ജയസൂര്യയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം പറഞ്ഞവരുടെ കൂട്ടത്തിൽപ്പെടുന്നവരാണ്. അവരോടെല്ലാം അദ്ദേഹം പറയുന്നത് : ” താൻ ഇത് നാലാൾ അറിയാൻ വേണ്ടി ചെയ്തതല്ല. ഒരു കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്ന് വിചാരിച്ചതാണ്, പക്ഷേ എല്ലാവരും അറിഞ്ഞു പോയി” : നൗഷാദ് പറയുന്ന ഈ വാക്കുകളിൽ തന്നെയുണ്ട് അദ്ദേഹത്തിൽ നിന്ന് ഏവരും മാതൃകയാക്കേണ്ട നന്മ.

നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത്.
രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നതും അദ്ദേഹം പെരുന്നാൾ കച്ചവടത്തിനായി വെച്ചിരുന്ന തുണികളെല്ലാം ഏവരെയും ഞെട്ടിച്ചുക്കൊണ്ട് എടുത്തു കൊടുത്തതും. അതിനുശേഷം പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയകളും ഈ വാർത്ത പ്രചരിപ്പിച്ച വൈറൽ ആക്കിയപ്പോൾ നൗഷാദ് ലോക മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഇന്ന് അദ്ദേഹം സമാധാനത്തിനും സന്തോഷത്തെയും നന്മയുടെയും നിർവൃതിയുടെയും ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ലാഭനഷ്ടങ്ങൾ നോക്കാതെ തന്റെ ഒരു വലിയ സമ്പാദ്യം തന്നെ ദുരിതാശ്വാസത്തിന് നൽകിയ ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ പ്രളയം കഴിഞ്ഞാലും നാം ഓരോ മലയാളികളും മറക്കരുത്. കാരണം നമ്മൾ ഓരോരുത്തരും ദൈവത്തെ അറിയുന്നത് ഇത്തരം നല്ല മനുഷ്യരിലൂടെ ആണ്. ഈ ഭൂമിയിൽ ജീവിക്കുന്നതിന്റെ ആവശ്യകത നമ്മുടെ പറയാതെ പറയുന്നതും ഇത്തരം മനുഷ്യരാണ്.

This site is protected by wp-copyrightpro.com