ശ്വാസം പോലും ഉറച്ചുപോകുന്ന ശൈത്യം !! സിയാച്ചനിലെ പട്ടാളക്കാരനായി ദിലീപ്; മേജര്‍ രവി സിനിമയുടെ ചിത്രീകരണം കശ്മീരില്‍ ആരംഭിക്കും

ദിലീപിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രം കശ്മീരില്‍ ചിത്രീകരിക്കും. കശ്മീരിന് മാത്രമായി അനുവദിച്ചിട്ടുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഇവിടെ സിനിമ ചിത്രീകരണം നടത്താനുള്ള അനുവാദം കൂടിയാണ് ലഭിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ കശ്മീരില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്നതില്‍ തനിക്ക് സന്തോഷവും, അഭിമാനവുമുണ്ടെന്ന് മേജര്‍ രവി പ്രതികരിച്ചു.

സിയാച്ചിന്‍ മലനിരകളിലെ അതിശൈത്യത്തില്‍ അതിര്‍ത്തി കാക്കുന്ന സൈനീകനായിട്ടായിരിക്കും ദിലീപ് എത്തുക എന്നാണ് മേജര്‍ രവി തന്നെ ഒരു പരിപാടിയില്‍ വെളിപ്പെടുത്തിയത്. വിനയന്‍ സംവിധാനം ചെയ്ത വാര്‍ ആന്റ് ലൗവിന് ശേഷം മേജര്‍ രവി ചിത്രത്തിലാണ് ദിലീപ് ഔട്ട് ആന്റ് ഔട്ട് പട്ടാള വേഷം ചെയ്യുന്നത്. ശ്വാസം പോലും ഉറച്ചു പോകുന്ന സിയാച്ചനിലെ സൈനീകരുടെ കഷ്ടപ്പാടുകളെയും, ദുരിതത്തെയും സിനിമ വരച്ചുക്കാട്ടും.

കശ്മീര്‍ എന്ന പേരില്‍ ഇത്രയും നാളും ചിത്രീകരിച്ചിരുന്നത് ഹിമാച്ചലും, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളാണ്. കശ്മീരില്‍ സിനിമ ചിത്രീകരിക്കുന്നതിലൂടെ അവിടെ ഷൂട്ടിംഗ് നടത്തുന്ന ആദ്യ മലയാള സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിന് സ്വന്തം.