“ഇനി ഇന്റർനാഷണൽ ലെവലിൽ ഉള്ള സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹം ” : കുഞ്ചാക്കോ ബോബൻ !

ഒരു നായകന്റെ മലയാള സിനിമയിലെ എക്കാലത്തേയും ബ്ലോക്ക്‌ബസ്റ്റര്‍ എന്ട്രി അത് കുഞ്ചാക്കോ ബോബന്റെ പേരിലാണ്. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച്  1997-ൽ പ്രദർശനത്തിനെത്തിയ അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അന്ന് തകര്‍ത്തത് മമ്മൂട്ടി ചിത്രം ഹിറ്റ്‌ലര്‍ സൃഷ്ടിച്ച ഇൻഡസ്ട്രി ഹിറ്റ്‌ റെക്കോര്‍ഡ്‌ ആയിരുന്നു. വൻവിജയമായി തീർന്ന ഈ ഒരൊറ്റ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ താരപദവിയിലേക്കുയർന്നു. പിന്നീട് നിറം, കസ്തൂരിമാൻ പോലുള്ള മികച്ച ക്യാമ്പസ്‌ ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ കരിയറിൽ പിന്നീട് ഒരു ചോക്ലേറ്റ് ബോയ് ഇമേജ് അദ്ദേഹത്തിന് ഗുണം ചെയ്തില്ല. പരാജയ ചിത്രങ്ങൾ വന്നു തുടങ്ങിയപ്പോൾ സിനിമയിൽ നിന്ന് ബ്രേക്ക്‌ എടുത്തു ബിസിനെസ്സ് കാര്യങ്ങളിലേക്ക് നീങ്ങി. പക്ഷെ എൽസമ്മ എന്ന ആൺകുട്ടി, ഗുലുമാൽ പോലുള്ള സിനിമകളിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോ ബോബൻ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറുന്നതാണ് കണ്ടത്. ട്രാഫിക്, വേട്ട തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളും ഓർഡിനറി, സീനിയേഴ്സ്, റോമൻസ്, മല്ലുസിംഗ് പോലുള്ള വലിയ വിജയചിത്രങ്ങളും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യം ഉയർത്തി.

2019 ൽ ഹിറ്റ് ചിത്രമായ അല്ലു രമേന്ദ്രനിലൂടെയും സൂപ്പർഹിറ്റ് ചിത്രമായ വൈറസിലൂടെയും അദ്ദേഹം സിനിമയിൽ കരിയർ മുന്നോട്ടു കൊണ്ടുപോവുകയാണ്. മാത്രമല്ല ഈ വർഷം കുഞ്ചാക്കോ ബോബൻ അച്ഛനായി എന്ന സന്തോഷ വർത്തകൂടി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. ചാക്കോച്ചൻ – പ്രിയ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുട്ടിയുടെ പേര് ഇട്ടിരിക്കുന്നത്. ഈയടുത്ത് ക്ലബ്ബ് FM പരിപാടിയിൽ അഭിമുഖത്തിനായി അതിഥിയായെത്തിയ കുഞ്ചാക്കോബോബൻ, അവതാരകന്റെ ‘ഇനി സിനിമാ ജീവിതത്തിൽ ചെയ്യാൻ താല്പര്യമുള്ള ഒരു ആഗ്രഹം? ‘ എന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് “ഇന്റർനാഷണൽ ലെവലിൽ ഉള്ള സിനിമകളുടെ ഭാഗമാവാൻ താല്പര്യമുണ്ട്” എന്നാണ്. പക്ഷെ, അതിനായി പ്ലാനിങ് കാര്യങ്ങൾ ഒന്നും ഇല്ല, അതൊക്കെ താനേ സംഭവിക്കേണ്ടത് ആണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.