“നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം”. നിസ്വാർത്ഥമായ ചെറു പുഞ്ചിരിയോടെയാണ് നൗഷാദ് എന്ന മനുഷ്യൻ ചാക്കുകളിൽ സ്നേഹം നിറച്ചത്… നൗഷാദ് തങ്ങളാണ് ഹീറോ !

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ് വേയില്‍ എത്തിയത്.
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുന്നവരോട് “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ.
നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ എന്നു ചോദിച്ചപ്പോൾ,
“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”
എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ നൗഷാദ്.
മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. നിരവധിപ്പേരാണ് നൗഷാദിന്റെ ഫോണിലേക്ക് സഹായം അന്വേഷിച്ച് വിളിക്കുന്നത്. സ്റ്റോക്ക് ചെയ്തു വച്ചിരുന്ന മുഴുവൻ തുണികളും അദ്ദേഹം വിവിധ സംഘടനകൾക്കായി നൽകിക്കഴിഞ്ഞു.

കാരുണ്യം കെട്ടുപോകാത്ത മനുഷ്യരുടെ പ്രതീകമായി നൗഷാദ് എന്ന ഈ സാധാരണക്കാർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ മറ്റും ഒരു ഹീറോ ആയിക്കഴിഞ്ഞിരിക്കുന്നു. ചലച്ചിത്ര താരങ്ങളും സാമൂഹ്യപ്രവർത്തകരും നൗഷാദ് നടത്തിയ ഈ മാതൃകപരമായ ഈ കാരുണ്യ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണയും നൗഷാദ് വില്പനയ്ക്ക് വെച്ചിരുന്ന തന്റെ തുണിത്തരങ്ങൾ എല്ലാം തീർത്തും സൗജന്യമായി തന്നെ ദുരിതബാധിതർക്ക് കൊടുക്കുകയായിരുന്നു. അതുപോലെ തന്നെ ഈ വർഷവും ചെയ്തുകൊണ്ട് അതിജീവനത്തിനു വേണ്ടി പൊരുതുന്ന കേരളജനത വലിയ പ്രചോദനമായി നിലകൊള്ളുന്നു. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പേജിലൂടെ നൗഷാദിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തു വന്നിരുന്നു.
‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യൻ ചാക്കുകളിൽ സ്നേഹം നിറച്ചത്.