കേരളത്തിൽ അങ്ങോളം ഇങ്ങോളം കളക്ഷൻ പോയിന്റുകളിൽ സ്ഥാപിച്ചു ക്യാമ്പിലേക്കുള്ള സാധനങ്ങൾ എത്തിച്ചു കേരള പേജ് അഡ്മിൻസ് (KPA) ; നിങ്ങൾക്കും പങ്കാളികളാകാം…

കേരളത്തിലെ കഴിഞ്ഞ വർഷത്തെ പ്രളയ കാലത്താണ് കേരള പേജ് അഡ്മിൻസ് (KPA ) എന്ന വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. കേരളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റി പേജുകളുടെയും, മീഡിയ പേജുകളുടെയും അഡ്മിനുകൾ അടങ്ങിയതാണ് ഈ വാട്ട്സാപ്പ് കൂട്ടായ്മ. കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ഈ വാട്സാപ്പ് കൂട്ടായ്മ സോഷ്യൽ മീഡിയയെ എങ്ങനെ ഒരു കണ്‍ട്രോള്‍ റൂം ആക്കുവാൻ കഴിയും എന്ന് പരീക്ഷിച്ചു, ഓൺലൈൻ കൺട്രോൾ റൂമെന്ന ആശയം പൂർണവിജയം കൈവരിച്ചു. പ്രളയം ബാധിച്ചവരെ രക്ഷിക്കുന്നതിനുള്ള അറിയിപ്പുകൾ, സഹായാഭ്യർത്ഥന പോസ്റ്റുകൾ, വെരിഫൈ ചെയ്ത ക്യാമ്പുകളിലെ ആവശ്യങ്ങളും, ഗവൺമെൻറ് അധികൃതരുടെ അറിയിപ്പുകളും വലിയ ഒരു വിഭാഗം ജനങ്ങളിലേക്ക് സോഷ്യൽ മീഡിയ പേജുകൾ വഴി എത്തിക്കാൻ KPA എന്ന വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് സാധിച്ചു.

എന്നാൽ ഈ വർഷത്തെ പ്രളയക്കെടുതിയിൽ കേരള പേജ് അഡ്മിൻസ് സഹായ പ്രവർത്തനങ്ങളിൽ ഒരുപടി മുകളിൽ പ്രവർത്തിച്ചുവരുന്നു. ഗ്രൂപ്പ് മെമ്പർമാരുടെ നേതൃത്വത്തിൽ കേരളത്തിന്റെ നാനാഭാഗത്തും കളക്ഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങൾ; അവശ്യസാധനങ്ങളുടെ ദൗർലഭ്യമുള്ള വയനാടിന്‍റെ ഉള്‍പ്രദേശങ്ങളിലേക്കും, ആരും അധികം സഹായങ്ങള്‍ നല്‍കാത്ത വയനാടന്‍ പ്രദേശങ്ങളിലേക്കും എത്തിച്ചു കൊടുക്കുന്നു. അതിന്റെ ആദ്യപടിയായി വയനാട്ടിലെ മുത്തങ്ങയിലേക്കും, അതുമായി ബന്ധപ്പെട്ട വയനാടന്‍ ഉള്‍പ്രദേശങ്ങളിലേക്കും അവശ്യസാധനങ്ങളുമായി ഞങ്ങളുടെ പ്രതിനിധികൾ മുഖാന്തിരം‌ എത്തിക്കാൻ സാധിച്ചു. അതോടൊപ്പം തന്നെ അവിടെയുണ്ടായിരുന്ന പ്രദേശവാസികൾ, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെ വയനാട്ടിലെ
ദൗത്യം ഗംഭീരമാക്കുവാനും സാധിച്ചു. അടുത്തപടിയായി നിലമ്പൂർ, കോട്ടയം, ആലപ്പുഴ,പീരുമേട് എന്നീ സ്ഥലങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നായി കളക്റ്റ് ചെയ്തുവരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് നന്മവറ്റാത്ത ഹൃദയങ്ങളുടെ അകമഴിഞ്ഞ സഹായങ്ങൾ പല വിധത്തിൽ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട് അതിനെ എല്ലാം ഞങ്ങൾ ഏറെ വിലപ്പെട്ടതായി തന്നെ കാണുകയും അവരോടെല്ലാം ഞങ്ങളുടെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ പ്രളയം എന്നല്ല ഏത് ഒരു വിഷമഘട്ടത്തേയും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഇതുപോലെ തന്നെ തരണം ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്‍ത്ഥിക്കുന്നു.