മേപ്പാടിയിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി നടൻ ജയസൂര്യ; ബയോടോയ്‌ലറ്റുകൾ എത്തിച്ച് താരം..

കേരളത്തിൽ മഹാ പ്രളയം വീണ്ടും പിടിമുറുക്കുമ്പോൾ സാധാരണക്കാരെ പോലെ തന്നെ എല്ലാവിധ സഹായങ്ങളും ദുരിതബാധിതർക്ക് എത്തിച്ചുകൊണ്ട് സിനിമാതാരങ്ങളും രംഗത്തുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഈ വർഷത്തെ പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിൽ കഴിയുന്നത് ഈ ജില്ലകളിലാണ്. പല തരത്തിലുള്ള ആവശ്യങ്ങളാണ് ഓരോ ക്യാമ്പുകളിലും നിലനിൽക്കുന്നത്. നൂറു കണക്കിന് ആളുകളാണ് ഒരു ക്യാമ്പിൽ കഴിയുന്നത് എന്നിരിക്കെ ഇവിടുത്തെ ശൗചാലയ സജ്ജീകരണങ്ങളും പരിമിതമാണ്. മിക്കയിടത്തും ശൗചാലയങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത നിലയിലും കാണപ്പെടുന്നുണ്ട്. ഈ അവസരത്തിൽ വയനാട്ടിലെ മേപ്പാടിയിലെ ക്യാമ്പുകളിലേക്ക് ബയോ ടോയ്‌ലറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് നടൻ ജയസൂര്യ. മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചു കൊണ്ടാണ് ആണ് താരം ഇവ വിതരണം ചെയ്തിരിക്കുന്നത്.

വയനാട്ടിലെ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് ആണ് ആദ്യഘട്ടമെന്ന നിലയിൽ പത്തോളം ബയോ ടോയ്ലറ്റുകൾ നടൻ ജയസൂര്യയും മാതൃഭൂമിയും ചേർന്ന് എത്തിച്ചു കൊടുത്തത്. അഞ്ഞൂറോളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായ പുത്തുമലയിൽ നിന്നുമുള്ള ആളുകളും ഉണ്ട് ഇവിടെ. ഇത്രയും ആളുകൾക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റ് സംവിധാനം സ്കൂളിൽ ഇല്ല എന്ന് മനസ്സിലാക്കിയതോടെയാണ് നടൻ ജയസൂര്യ ബയോ ടോയ്ലറ്റുകൾ എത്തിക്കുവാൻ മുന്നിട്ടിറങ്ങിയത്.

എറണാകുളത്തു നിന്നും ആണ് മേപ്പാടിയിലെ ക്യാമ്പുകളിലേക്ക് ബയോ ടോയ്ലറ്റുകൾ എത്തിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ഉള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ മേപ്പാടിയിലെ ക്യാമ്പിൽ എത്തിച്ചത്.