ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം നൽകി നടൻ ജയസൂര്യ ; ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്ന് ലിനുവിന്റെ അമ്മയോട് താരം !

മഴക്കെടുതിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി നടൻ ജയസൂര്യ. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകുകയും ചെയ്തു. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. രാഷ്ട്രീയ – സാമൂഹിക – സിനിമാ മേഖലയിൽ നിന്നും നിരവധി പേര് ലിനുവിന്റെ ഈ ജീവത്യാഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും സിനിമാ മേഖലയിലെ പ്രമുഖർ മമ്മൂട്ടിയും മോഹൻലാലുമടക്കം ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി നേരത്തെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ജയസൂര്യയുടെ ഈ സത്പ്രവർത്തി മലയാളികളറിയുന്നത്.ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോൾ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവർ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവർത്തനത്തിടെ ലിനുവിനെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.