‘മറ്റൊരു മകൻ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നതായി കണ്ടാൽ മതി’ – ലിനുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് നടൻ ജയസൂര്യ

രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ ലിനുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് നടൻ ജയസൂര്യ. ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ജയസൂര്യ കൈമാറിയത്. ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് നേരിട്ടാണ് ജയസൂര്യ ഈ കാര്യം പറഞ്ഞത്. വളരെ മഹത്തായ കാര്യമാണ് ലിനു നാടിനു വേണ്ടി ചെയ്തത് എന്നും ഈ നൽകുന്ന പണം മറ്റൊരു മകൻ തരുന്നതായി കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയെ അറിയിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായിരുന്നു ലിനു. കനത്ത മഴയെ തുടർന്ന് ലിനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നാണ് പിന്നീട് ലിനു രക്ഷാപ്രവർത്തനങ്ങൾക്ക് പോയത്.

കോഴിക്കോട് കുണ്ടായിത്തോട് ഭാഗത്തു നിന്നാണ് ലിനുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. എരഞ്ഞികാട്ട് പാലത്തിന് സമീപം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു ലിനുവിനെ കാണാതായത്.

നടൻ മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ചു നേരത്തെ ആശ്വസിപ്പിച്ചിരുന്നു. സഹജീവികൾക്ക് വേണ്ടി ലിനു നടത്തിയ നിസ്വാർത്ഥമായ പ്രവർത്തനത്തെ അഭിനന്ദിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖർ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.