ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വാശിയോടെ മത്സരിച്ച് സിനിമ താരങ്ങൾ; ഏറ്റെടുത്ത് ആരാധകരും..

പ്രളയം വീടുകളിൽ നിന്ന് പതുക്കെ പടിയിറങ്ങുകയാണ്. എങ്കിലും ഇപ്പോഴും ധാരാളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.കുറെ പേർ വീടുകളിലേക്ക് മടങ്ങി പോയെങ്കിലും സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ് പലരും.ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആണ് ഇവരെ പോലുള്ളവർക്ക് ഏക ആശ്വാസം.സാധാരണക്കാർക്ക് സംഭാവന ചെയ്യാൻ നിലവിലുള്ള ഏറ്റവും മികച്ച ഏകീകൃത ഫണ്ട് കൂടിയാണ് ഇത്.ഈ അവസരത്തിൽ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തിച്ചേരേണ്ടത് അനിവാര്യമാണ്.അതിനായി മലയാള സിനിമ ലോകത്തുള്ളവരും മുന്നിട്ടിറങ്ങുകയാണ്. മലയാള സിനിമ താരങ്ങൾ നടത്തുന്ന ഫണ്ട് റെയ്സിംഗ് ചലഞ്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് ഇപ്പോൾ.സംഗീതസംവിധായകൻ ബിജിബാലാണ് ചലഞ്ചിന് തുടക്കം കുറിച്ചത്. തുടർന്ന് ആഷിക് അബുവിനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ ചലഞ്ച് ചെയ്യുകയായിരുന്നു.തുടർന്ന് ടോവിനോ തോമസ്, റിമ കല്ലിങ്കൽ, ആസിഫ് അലി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചലഞ്ചിൽ പങ്കാളികളായി.സിനിമാതാരങ്ങൾ മാത്രമല്ല ഇവരുടെ ആരാധകരും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.ധാരാളം ആളുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുകയും തുടർന്ന് അവരുടെ കൂട്ടുകാരെ സംഭാവന ചെയ്യുവാൻ വെല്ലുവിളിക്കുകയും ചെയ്യുന്നത്. ഇത്തരത്തിൽ വലിയ ഒരു തുക തന്നെ കണ്ടെത്തുവാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഏവരും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് ധാരാളം സഹായമാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ നടത്തുന്ന ഇടപെടലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ അഭിനന്ദനങ്ങൾ ഇവർക്ക് നേടിക്കൊടുത്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളും അവരുടെ ആരാധകരും ഈ ചലഞ്ചിൽ പങ്കാളികളാകും എന്നും കരുതുന്നു.