ട്വിറ്ററിൽ തന്റെ അവസാന വാക്കുകൾ കുറിച്ച് അനുരാഗ് കശ്യപ് – “കള്ളന്മാർ ഭരിക്കുന്ന ഈ പുതിയ രാജ്യത്ത് എല്ലാവർക്കും നല്ലത് വരട്ടെ…”

മോദി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സർക്കാരിനെതിരെയും വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയും നിരന്തരമായി ട്വിറ്ററിലൂടെ ശബ്ദമുയർത്തിയിരുന്ന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം. അതിനാൽ തന്നെ വലതുപക്ഷ അനുകൂല പ്രവർത്തകരിൽ നിന്നും വളരെ രൂക്ഷമായ ആക്രമണങ്ങളാണ് സംവിധായകൻ നിരന്തരം നേരിട്ട് കൊണ്ടിരുന്നത്. ഭാര്യയുടെയും മകളുടെയും ചിത്രം ഉപയോഗിച്ച് അശ്ലീലം കലർന്ന പോസ്റ്റുകൾ സൈബർ ലോകത്ത് നിരന്തരമായി പ്രത്യക്ഷപ്പെടുന്നത് സംവിധായകനെ ഏറെ അലോസരപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടർന്ന് എന്നന്നേക്കുമായി തന്റെ ട്വിറ്റർ എക്കൗണ്ട് ഉപേക്ഷിക്കുവാൻ നിർബന്ധിതനായിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. മനസ്സിലുള്ളത് തുറന്നു പറയുവാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്നും, അതിനാൽ താൻ ട്വിറ്ററിനോട് വിടപറയുകയാണെന്നും ആണ് സംവിധായകൻ അവസാനമായി തന്റെ പേജിൽ കുറിച്ച്.”നിങ്ങളുടെ മാതാപിതാക്കൾക്കും മകൾക്കും ഓൺലൈനായും ഫോൺകോളുകൾ വഴിയും ഭീഷണി സന്ദേശങ്ങൾ ലഭിച്ച തുടങ്ങുമ്പോൾ മുതൽ നിങ്ങൾക്ക് ഇനി ശബ്ദിക്കാൻ അനുവാദമില്ല എന്ന് മനസ്സിലാക്കണം. മോഷ്ടാക്കൾ ഭരിക്കുന്ന ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും നല്ലതു വരും എന്ന് ഞാൻ കരുതുന്നു” – അനുരാഗ് കശ്യപ് അവസാനമായി ട്വിറ്ററിൽ കുറിച്ചു.

മോദി സർക്കാറിനെ ശക്തമായി വിമർശിച്ചിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു അനുരാഗ് കശ്യപ്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയ നാൾ മുതൽ കടുത്ത സൈബർ ആക്രമണങ്ങളാണ് ഇദ്ദേഹം നേരിട്ട് പോന്നിരുന്നത്. മകളുടെ ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് നേരത്തെ സംവിധായകൻ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് ഈ സന്ദേശങ്ങൾ സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. തുടർന്നും ഭീഷണികളും അശ്ലീലം കലർന്ന വ്യക്തിഹത്യയും തുടർന്നത് മൂലം ആണ് ഇപ്പോൾ ഈ തീരുമാനത്തിലേക്ക് സംവിധായകൻ എത്തിയിരിക്കുന്നത്.