“ജമ്മു കശ്മീർ പുനഃസംഘടന” : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരതയെ പ്രശംസിച്ച് നടി അമല പോൾ !

2019 ഓഗസ്റ്റ് 5, ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട ദിവസമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദിവസം. ഇത് സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. ഭരണഘടനയുടെ 370ആം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി. പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും, കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ പാസാക്കി. ഈ പ്രഖ്യാപനത്തെത്തുടർന്ന് നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോട് തങ്ങളുടെ പ്രതികരണം പങ്കുവെച്ചു.  ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് അമല പോൾ ട്വിറ്ററിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഈ തീരുമാനത്തെ പ്രശംസിച്ചു ട്വീറ്റ് രേഖപ്പെടുത്തി.  പ്രശംസയോടൊപ്പം ഇനി മുതൽ ജമ്മു കശ്മീർ താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണം എന്നും അമല പോൾ പ്രത്യാശ പങ്കുവയ്ക്കുന്നു.


ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ പ്രത്യേക ആനുകൂല്യങ്ങൾ നീക്കം ചെയ്ത് ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്നലെ വൻ നീക്കമാണ് നടത്തിയത്. ഈ നീക്കത്തെ ഒരുപാട് പേർ സ്വാഗതം ചെയ്യുകയും പലരും എതിർക്കുകയും ചെയ്യുന്നുണ്ട്.

ഈ പ്രഖ്യാപനത്തിലൂടെ സംഭവിച്ച മാറ്റങ്ങൾ ഇങ്ങനെ..

∙ 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

∙ ജമ്മു കശ്മീരിനു ബാധകമാകുന്ന വ്യവസ്ഥകൾ സംബന്ധിച്ച് രാഷ്ട്രപതി 1954ൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. ഫലത്തിൽ, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്കുള്ള പ്രത്യേക ആനുകൂല്യം സംബന്ധിച്ച 35എ വകുപ്പും ഇല്ലാതായി. ഈ വകുപ്പുൾപ്പെടെ പല വ്യവസ്ഥകളും 1954ലാണ് ബാധകമാക്കിയത്.

∙ പ്രത്യേക പദവി ഇല്ലാതായതോടെ, ജമ്മു കശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിലല്ലാതായി. സംസ്ഥാനത്തു പ്രാബല്യത്തിലായിരുന്ന ‘രൺബീർ ശിക്ഷാ നിയമ’ത്തിനു (ആർപിസി) പകരം ഇനിമുതൽ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി).

∙ ജമ്മു കശ്മീർ സംസ്ഥാനത്തെ കാർഗിൽ, ലേ ജില്ലകൾ ഉൾപ്പെടുന്നതാണു ലഡാക്ക്. ഇതു ചണ്ഡിഗഡ്, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കു സമാനമായ കേന്ദ്ര ഭരണപ്രദേശമായിരിക്കും; നിയമസഭയുണ്ടാവില്ല.

∙ ജമ്മു കശ്മീരിൽ. പുതുച്ചേരി മാതൃകയിൽ നിയമസഭയുണ്ടാകും. കാലാവധി 6 വർഷത്തിനു പകരം 5 വർഷമായി.

∙ ജമ്മു കശ്മീരിലും ലഡാക്കിലും ഗവർണർക്കു പകരം ലഫ്റ്റനന്റ് ഗവർണർമാർ. ഇരു കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ഒരു ഹൈക്കോടതി.