മധുരരാജയുടെ ചൈന റിലീസ് പ്രതിസന്ധിയിൽ !! ചൈന, ഉക്രെയിൻ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു..

ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാമാസ് ചിത്രം മധുരരാജ ലോകവ്യാപകമായി 100 കോടി കളക്ഷനും, 30,000 ഷോകളും പൂർത്തിയാക്കി വിജയകരമായ 100ആം ദിവസം ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വാണിജ്യ വിജയമായ മധുരരാജ കേരളവും കടന്ന് ചൈന, ഉക്രെയിൻ, മലേഷ്യ  തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കാൻ പോവുകയാണ് എന്ന വാർത്തകൾ നിർമ്മാതാവ് പുറത്തുവിട്ടിരുന്നു. ചൈനയിൽ ആദ്യമായാണ് ഒരു മലയാളസിനിമ മൊഴിമാറ്റി കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശനാനുമതി നേടിയിരിക്കുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട് മധുരരാജയുടെ നിർമ്മാതാവ് ശ്രീ. നെൽസൺ ഐപ്പും ബിഡ് സിനിമയുടെ സിഇഒ ശ്രീ. ജീവൻ എയ്യാലും ഉടമ്പടി ഒപ്പ് വച്ചിരുന്നു എന്നും ഔദ്യോഗികമായി കുറിപ്പ് പുറത്തുവിട്ട് അറിയിച്ചിരുന്നു. എന്നാൽ ചൈനയിൽ റിലീസ് ചെയ്യാൻ തയ്യാറെടത്ത രാജ ഇപ്പോഴും അതിന് വേണ്ടി പ്രദർശന സജ്ജം ആയിട്ടില്ല. മൊഴിമാറ്റമടക്കം നടന്നോ എന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.

ചൈന, ഉക്രെയിൻ, മലേഷ്യ  തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കാൻ ഇനിയും കടമ്പകൾ കടക്കണം എന്നാണ് സൂചനകൾ. കരാറിൽ ഒപ്പ് വച്ചെങ്കിലും പ്രദർശനം സംബന്ധിച്ച അന്തിമ കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇത് ഉടൻ പരിഹരിക്കാൻ അണിയറപ്രവർത്തകർ ശ്രമങ്ങൾ തുടങ്ങി എന്നും അറിയാൻ കഴിയുന്നു. ബോക്സ്‌ ഓഫീസ് കളക്ഷനിൽ 100 കോടി കടന്ന മധുരരാജാ ഇപ്പറഞ്ഞ രാജ്യങ്ങളിൽ കൂടി പ്രദർശനം നടത്തിയാൽ ഇനിയും ഫൈനൽ കളക്ഷൻ വർധിപ്പിക്കാൻ സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതുവരെ 110 കോടിയിലധികം രൂപ ചിത്രം ആകെ ബിസിനെസ്സ് ആയി നേടിയിട്ടുണ്ട്. 

2019ലെ  മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയ മധുരരാജ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയചിത്രമാണ്. മധുരരാജ റിലീസ് ചെയ്ത് 9 – 10 ദിവസങ്ങൾ ആയപ്പോഴേക്കും 50 കോടി കളക്ഷൻ കടന്നിരുന്നു. പഴയ പോക്കിരി രാജയെ എല്ലാ എന്റർടൈൻമെന്റ് ഘടകങ്ങളും ചേർത്ത് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും സ്വീകാര്യമായ രീതിയിൽ വീണ്ടും തിരിച്ചുകൊണ്ടുവന്നതാണ് മധുരരാജ ആയി മാറിയത്. അതിശയിപ്പിക്കുന്ന എനർജിയിൽ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ആക്ഷൻ മാസ്സ് രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച മധുരരാജയിൽ രസിപ്പിക്കുന്ന തമാശകൾക്കൊണ്ടും ഒരു മാസ്സ് ഫാമിലി ഹീറോ ആയി മമ്മൂട്ടി ഏറെ കാലങ്ങൾക്ക് ശേഷം തിളങ്ങി എന്നതും സവിശേഷതയാണ്. സലിം കുമാർ, തമിഴ് താരം ജയ്, നെടുമുടി വേണു, വിജയരാഘവൻ, നരേൻ, മഹിമ നമ്പ്യാർ, അനുശ്രീ, അജു വർഗീസ്, ബിജു കുട്ടൻ എന്നിവരടങ്ങിയ താരനിര ചിത്രത്തിൽ  മികച്ച പ്രകടനം കാഴ്ചവച്ചു. ഏപ്രിൽ 12-നാണ് മധുരരാജ റിലീസ് ചെയ്തത്.