ഗറില്ല യുദ്ധ തന്ത്രങ്ങൾ പയറ്റി തെളിഞ്ഞ, പോർച്ചുഗീസ്സുകാരുടെ പേടിസ്വപ്നമായ ‘കുഞ്ഞാലി മരക്കാർ നാലാമൻ’ ആയാണ് മോഹൻലാൽ എത്തുക ; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരുമായി കഥാപരമായും കഥാപാത്രപരമായും സാമ്യങ്ങളില്ല !

ഇതിഹാസനായകൻ കുഞ്ഞാലി മരക്കാർ ആയി മലയാളത്തിന്റെ ഇതിഹാസം മോഹൻലാൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹത്തിൽ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ സിനിമയുമായി ഈ കഥയ്ക്ക് സാമ്യങ്ങൾ ഇല്ല. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമയാണ് കുഞ്ഞാലി മരക്കാർ. 2019 ആദ്യ മാസങ്ങളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളം നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങി ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. 

മരക്കാർ ചരിത്രം ഇങ്ങനെ :

കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനും കുട്ട്യാലി മരയ്ക്കാരുടെ പുത്രനും ആയ മുഹമ്മദ് മരയ്ക്കാരാണ്‌ ആദ്യത്തെ കുഞ്ഞാലി മരയ്ക്കാർ. പറങ്കികളുടെ ശല്യം സഹിയ്ക്കാതായപ്പോൾ അദ്ദേഹം ഒരു പറ്റം നാട്ടുകാരുമായി സാമൂതിരിയെ മുഖം കാണിച്ചു, പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നറിയിച്ചു. സന്തുഷ്ടനായ സാമൂതിരി കുഞ്ഞാലി മരയ്ക്കാരെ നാവിക സേനറ്റയുടെ തലവനാക്കി, “കുഞ്ഞാലി മരയ്ക്കാർ” എന്ന സ്ഥാനപ്പേരും നൽകി. കുഞ്ഞാലി മരയ്ക്കാർ തന്റെ അനുയായികൾക്കു ഒളിപ്പോരിൽ പരിശീലനം നൽകി. ഗറില്ല യുദ്ധ തന്ത്രങ്ങൾ തന്റെ അനുയാകളെ പരശീലിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ആയുധങ്ങളും, ചെറു വള്ളങ്ങളും മറ്റും സംഭരിച്ചു. പോർച്ചുഗീസ്സുകാർ ഈസ്റ്റ് ഇൻഡീസ് ആക്രമിച്ചപ്പോൾ കുഞ്ഞാലി പോർച്ചുഗലിന്റെ കയ്യിൽ നിന്ന് ചാലിയം നേടിയെടുത്തു. കുഞ്ഞാലി രണ്ടാമൻ (കുട്ടി അലി) പോർച്ചുഗീസ്സുകാരുടെ പേടിസ്വപ്നമായിരുന്നു. പോർച്ചുഗ്ഗീസ്സുകാർക്കേറെ നഷ്ടങ്ങൾ സമ്മനിക്കാൻ കുഞ്ഞാലി രണ്ടാമന് കഴിഞ്ഞു.

തുടർന്ന് കുഞ്ഞാലി മൂന്നാമൻ (പാട്ടുമരക്കാർ ) സാമൂതിരിയുടെ നാവിക സൈന്യത്തിന്റെ മേധാവിയായിരുന്നു. സൈന്യത്തിന്റെ നവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം പാശ്ചാത്യ യുദ്ധ മുറകളും പടക്കോപ്പകളും സ്വായത്തമാക്കി. ചാലിയം കീഴ്പ്പെടുത്തിയ പട്ടു മരക്കാർക്ക് സാമൂതിരി ഏറെ അവകാശങ്ങൾ നൽകി. പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടാൻ അനുവാദമേകി, പിന്നീടത് മരക്കാർ കോട്ടയായി, (കോഴിക്കോട് വടകര).

എന്നാൽ പിന്നീട് തന്ത്രപരമായി സാമൂതിരിയെ പോർച്ചുഗീസുകാർ വരുതിയിലാക്കുകയും സാമൂതിരി പോർച്ചുഗീസുകാരുടെ പക്ഷത്ത് നിന്ന് കുഞ്ഞാലിമരക്കാർക്കെതിരെ നിലകൊള്ളുകയും ചെയ്തു തുടർന്ന് സാമൂതിരിയും പോർച്ചുഗീസ്സും പരസ്പര ധാരണയിലൂടെ കുഞ്ഞാലി നാലാമനെ പിടിച്ചു. പോർച്ചുഗീസ്സുകാർ ഗോവയിലെത്തിച്ചദ്ദേഹത്തെ കൊന്നുവത്രെ. കുഞ്ഞാലിമാരുടെ ഉത്ഭവം വ്യക്തമല്ല. സാമൂതിരി ഈ സ്ഥാനപ്പേര് നൽകുംവരെ ഇവർ അരയന്മായിരുന്നു എന്ന പക്ഷമുണ്ട്. പന്തളായനി കൊല്ലമാണ് ഇവരുടെ സ്വദേശം എന്നും, അറബ് വംശജരാണെന്നും അഭിപ്രായങ്ങളുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നു. കീര്‍ത്തി സുരേഷും നായികാപ്രാധാന്യമുള്ള വേഷം കുഞ്ഞാലി മരക്കാരിൽ ചെയ്യുന്നുണ്ട്. തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മരക്കാറിൽ ഉണ്ട്. ഇതുകൂടാതെ സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. കലാപാനിക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ നാഴികക്കല്ല് ആവാൻ കെല്പുള്ള പ്രിയദർശൻ ചിത്രമാകും മരക്കാർ : അറബിക്കടലിന്റെ സിംഹം എന്നാണ് പ്രതീക്ഷകൾ.