“ഇതാ മികച്ച ഒരു ജയറാം സിനിമ കൂടി..” കുടുംബ പ്രേക്ഷകരുടെ ഹൃദയം കവരുന്ന നവ്യാനുഭവമാകുന്നു : മാർക്കോണി മത്തായി !! റിവ്യൂ വായിക്കാം..

സനിൽ കളത്തിൽ സംവിധാനം ചെയ്ത് ജനപ്രിയ നടൻ ജയറാം നായകനായ മാർക്കോണി മത്തായി ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ വളരെ മികച്ച പ്രതികരണത്തോടെ മത്തായി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ജയറാമിന്റെ ഒരു മികച്ച കഥാപാത്രവും വിജയ് സേതുപതിയുടെ സാന്നിധ്യവും സിനിമയിലെ ശ്രദ്ധേയ ഘടകങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ അവർ ഇരുകൈയും നീട്ടിയാണ് മാർക്കോണി മത്തായി സ്വീകരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ റിയലിസ്റ്റിക് സിനിമകളിൽനിന്ന് താരതമ്യപ്പെടുത്തിയാൽ പ്രേക്ഷകർ തികച്ചും കാണാൻ ആഗ്രഹിച്ച ഒരു സിനിമ എന്ന രീതിയിലാണ് മാർക്കോണി മത്തായി പരാമർശിക്കപ്പെടുന്നത് എന്നു തോന്നുന്നു.പണ്ടത്തെ കാലത്ത് നമ്മൾ സോഷ്യൽ മീഡിയ ഒന്നും വലിയ പ്രബലമല്ലാത്ത ഇരുന്ന സമയത്ത് കത്തുകളിലൂടെയും ദൂത് പോവുകയും എല്ലാം ചെയ്താണ് ഓരോ വിവരങ്ങളും കൈമാറിയിരുന്നത്. അന്നത്തെ ആ പ്രണയകാലമെല്ലാം യുവത്വത്തിന്റെ വസന്തം പിന്നിടുന്ന പ്രായക്കാർക്ക് മധുരിക്കുന്ന ഓർമയാണ്. ലൈബ്രറി പുസ്തകത്തിലും നോട്ട് ബുക്കുകളിലുമെല്ലാം കൈമാറുന്ന പ്രണയ ലേഖനങ്ങൾ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ പിന്നെ അതിന്റെ അവസാനമാണ്. അങ്ങനെയൊരു പ്രണയം മത്തായിക്കുമുണ്ടായിരുന്നു. പ്രണയം പുരോഗമിക്കുന്നതിനിടെ കുഞ്ഞു മത്തായി, കാമുകിയെ കാണാൻ കോവണി കയറി അങ്ങ് മുകളിലെത്തി. പാൽഗ്ലാസിൽ പ്രണയം പങ്കുവയ്ക്കുന്നതിനിടെ വീട്ടുകാർ പിടികൂടി ഏണി വലിച്ചു താഴെയിട്ടു. പെൺകുട്ടിയെ തല്ലി വശംകെടുത്തി. 

അങ്ങനെ ആ പ്രണയം മത്തായിയുടെ മൊട്ടിലേ നുള്ളിക്കളഞ്ഞു. ബാല്യത്തിൽ നേരിട്ട പ്രണയത്തിന്റെ തിക്താനുഭവങ്ങൾക്കൊടുവിൽ ലോകത്തിലെ എല്ലാറ്റിനോടും പ്രണയമാണെന്നു പ്രഖ്യാപിച്ച് കുടുംബ ജീവിതം തന്നെ വേണ്ടെന്നു വച്ച് ഒറ്റപ്പെട്ടു പോകുന്ന യുവത്വത്തിന്റെ നേർ ചിത്രമാണ് ‘മാർക്കോണി മാത്തായി’. വാരിക്കോരി നൽകുന്ന സ്നേഹവുമായി എല്ലാവരും ചുറ്റുമുള്ളപ്പോഴും ഒറ്റയ്ക്കായി പോകുന്ന മത്തായി. എഫ്എം റേഡിയോയ്ക്ക് റേഞ്ചു കിട്ടാത്ത അഞ്ചങ്ങാടിയെന്ന ഗ്രാമത്തിലെ സർവീസ് സഹകരണ ബാങ്കും പരിസരവുമാണ് സിനിമയ്ക്കു നിറം പകരുന്നത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ മത്തായി പാട്ടിനോടുള്ള പ്രണയം കൊണ്ടാണ് എഫ്എം റേഡിയോയ്ക്ക് റേഞ്ച് പിടിക്കുന്നത്. ഇതോടെ നാട്ടുകാരും എംഫ്എം പാട്ടുകളുടെ ആരാധകരാകുന്നു. എഫ്എം റേഡിയോയിലെ ഒരു പ്രണയ പരിപാടിക്ക് അതിഥി അവതാരകനായി വിജയ് സേതുപതികൂടി എത്തുന്നതോടെ നാട്ടിലെ പ്രണയമെല്ലാം റേഡിയോയിലൂടെ പാട്ടാകുന്നു. അങ്ങനെയാണ് മത്തായിയുടെ പ്രണയവും നാട്ടുകാരറിയുന്നത്. ഇതേതുടർന്നുണ്ടാകുന്ന തുടർനിമിഷങ്ങളിലൂടെ മത്തായി പ്രേക്ഷകരിൽ രസം നിറച്ച് മുന്നേറുന്നു.

ഒരു അതിഥി വേഷം ആണെങ്കിൽ കൂടിയും വളരെ പ്രധാനപ്പെട്ട ഒരു കഥാസന്ദർഭത്തിൽ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ഈ സിനിമയിലെത്തുന്നത്. സിനിമയിൽ അതിഥി വേഷം എന്നു പറഞ്ഞു ചെറുതാക്കാനാവാത്ത റോളിലാണ് വിജയ് സേതുപതി എത്തുന്നത്. ജോയ് മാത്യു, നരേൻ, അജു വർഗീസ്, മല്ലിക സുകുരമാരൻ, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി ഒരുപിടി മുൻനിര നടീനടൻമാരെ അവതരിപ്പിക്കാനായി എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ ആത്മീയ രാജനാണ് നായികാ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നത്. സനിൽ കളത്തിൽ സംവിധാനവും സഹോദരൻ സാജൻ കളത്തിൽ കാമറയും ചെയ്തിരിക്കുന്ന സിനിമ സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമന്ദ്രനാണ് നിർമിച്ചിരിക്കുന്നത്. സനിൽ കളത്തിൽ, രജീഷ് മിഥില എന്നിവരുടേതാണ് തിരക്കഥയും സംഭാഷണവും.

മത്തായി എന്ന ഒരു മധ്യവയസ്സുകാരന്റെ വളരെ ഗൃഹാതുരത്വമുണർത്തുന്ന മനോഹരമായ പ്രണയവും സൗഹൃദങ്ങളും മാർക്കോണി മത്തായിയിൽ ആവിഷ്കരിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ അത്രയ്ക്ക് സുന്ദരങ്ങളായ പാട്ടുകളും ഒരുപാട് മികച്ച മുഹൂർത്തങ്ങളും എല്ലാം കൊണ്ടും പ്രേക്ഷകർക്ക് നവ്യാനുഭവമാകുന്ന മികച്ച ഒരു ജയറാം സിനിമ തന്നെയാകുന്നു മാർക്കോണി മത്തായി. കുടുംബ പ്രേക്ഷകർക്ക് തീർച്ചയായും മാർക്കോണി മത്തായി സന്തോഷത്തോടെ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ചിത്രമാണ്.