100 കോടിയിൽ നിന്ന് 100-ാം ദിവസത്തിലേക്ക് ഓടി കയറി ‘മധുരരാജ’ !! ലോകവ്യാപകമായി 30,000 ഷോകൾ പൂർത്തീകരിച്ച ആദ്യ മമ്മൂട്ടി ചിത്രം !!

ഹിറ്റ്മേക്കർ വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ആഘോഷചിത്രം മധുരരാജ 100-ാം ദിവസത്തിലേക്ക്. ഇതിനോടകം ലോകവ്യാപകമായി 30,000 ഷോകൾ പൂർത്തിയാക്കിയ മധുരരാജ കേരളത്തിൽ നിന്ന് മാത്രം 19,000 ഷോകൾ എന്ന മെഗാ-ബ്ലോക്ക്ബസ്റ്റർ നേട്ടവും സ്വന്തമാക്കി. 2019-ലെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയചിത്രമാണ്. മധുരരാജ റിലീസ് ചെയ്ത് 9 – 10 ദിവസങ്ങൾ ആയപ്പോഴേക്കും 50 കോടി കളക്ഷനും 45 ദിവസം കൊണ്ട് 104 കോടി രൂപ മധുരരാജ ആകെ വ്യാപാരം നേടിയിരുന്നതായി നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. നടൻ മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി ചിത്രമായാണ് മധുരരാജയെ വിലയിരുത്തുന്നത്. വൈശാഖ് ആദ്യമായി സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്നോണം മമ്മൂട്ടി അവതരിപ്പിച്ച രാജാ കഥാപാത്രത്തെ പുതിയ പശ്ചാത്തലത്തിൽ പുനരാവിഷ്ക്കരിച്ച ചിത്രമായിരുന്നു മധുരരാജാ. എല്ലാ എന്റർടൈൻമെന്റ് ഘടകങ്ങളും ചേർത്ത് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും സ്വീകാര്യമായ രീതിയിൽ വൈശാഖ് ഈ ചിത്രം ഒരുക്കിയത്. പീറ്റർ ഹെയ്ൻ കൊറിയോഗ്രാഫിയിൽ അതിശയിപ്പിക്കുന്ന എനർജിയിൽ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ആക്ഷൻ മാസ്സ് രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച മധുരരാജയിൽ രസിപ്പിക്കുന്ന തമാശകൾക്കൊണ്ടും ഒരു മാസ്സ് ഫാമിലി ഹീറോ ആയി മമ്മൂട്ടി ഏറെ കാലങ്ങൾക്ക് ശേഷം തിളങ്ങി എന്നതും സവിശേഷതയാണ്.

സലിം കുമാർ, തമിഴ് താരം ജയ്, നെടുമുടി വേണു, വിജയരാഘവൻ, നരേൻ, മഹിമ നമ്പ്യാർ, അനുശ്രീ, അജു വർഗീസ്, ബിജു കുട്ടൻ എന്നിവരടങ്ങിയ താരനിര ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് മധുരരാജ നിർമ്മിച്ചത്.